കോട്ടയം: പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി എതിരാളിയെ വെല്ലുവിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. താലൂക്കാശുപത്രിയിലെ കൊവിഡ് കെയറില്‍ കഴിയുന്ന അലോട്ടി എന്ന ജെയിസ്‌മോന്‍ ജേക്കബാണ് വ്യാഴാഴ്ച രാത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി കേസുകളില്‍ പ്രതിയായ ജെയിസ്‌മോന്‍ മൂന്ന് ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണ്.
കഞ്ചാവ് കേസില്‍ അടക്കം പ്രതിയാണിയാള്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പാലായിലെ കൊവിഡ് കെയറിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ലോറികളിലൂടെ കഞ്ചാവ് എത്തിച്ചത് ഇയാള്‍ക്കുവേണ്ടിയായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞദിവസം കുറവിലങ്ങാട്ട് 60 കിലോയോളം കഞ്ചാവ് ലോറിയിലെത്തിച്ചത് പിടിച്ചെടുത്തിരുന്നു. ഇതും ഇയാള്‍ക്കുവേണ്ടിയാണെന്ന് കണ്ടെത്തിയിരുന്നു. എതിര്‍ സംഘത്തില്‍പെട്ട അരുണ്‍ ഗോപനെന്നയാളെ ടാഗ് ചെയ്താണ് ജയിസ്‌മോന്‍ പോസ്റ്റിട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം തുടങ്ങി.