കോട്ടയം: പ്രതികൂല കാലാവസ്ഥയോട് പടപൊരുതിയാണ് കുമരകം വട്ടക്കായല്‍ തട്ടേപ്പാടം പാടശേഖരത്ത് കര്‍ഷകര്‍ നെല്‍കൃഷിയില്‍ നൂറുമേനി വിളയിച്ചത്. ജൂലൈ പകുതിയോടെ വിത നടത്തിയെങ്കിലും ഓഗസ്റ്റില്‍ മടവീഴ്ചയെ തുടര്‍ന്ന് കൃഷി വെള്ളത്തിലായി. തുടര്‍ന്ന് ലക്ഷങ്ങള്‍ മുടക്കി ബണ്ട് ബലപ്പെടുത്തുകയും വെള്ളം പമ്പ് ചെയ്ത് വറ്റിക്കുകയും ചെയ്‌തെങ്കിലും പിന്നാലെ എത്തിയ വെള്ളപ്പൊക്കത്തില്‍ കൃഷി പൂര്‍ണമായും നശിച്ചു. തുടര്‍ന്ന് കടമെടുത്തും പണയം വച്ചും കര്‍ഷകര്‍ രണ്ടാമതും കൃഷിയിറക്കി. ഇത്തവണ കൃഷി വിജയമായി. വിളവ് നൂറുമേനിക്കും മുകളിലെത്തി. എന്നാല്‍ കഴിഞ്ഞമാസമുണ്ടായ ശക്തമായ കാറ്റില്‍ നെല്‍ച്ചെടികള്‍ പൂര്‍ണമായും കതിരോടെ നിലംപൊത്തി. ഇതേ തുടര്‍ന്ന് ഇരട്ടി സമയവും പണവും ചിലവഴിച്ചാണ് നെല്ല് കൊയ്‌തെടുത്തത്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത കിഴിവ് ആവശ്യപ്പെട്ട് മില്ലുടമകള്‍ രംഗത്തെത്തിയതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. മില്ലുടമകളുടെ ആവശ്യപ്രകാരം ക്വിന്‍റലിന് എട്ട് കിലോ നെല്ല് കിഴിവ് കൊടുത്താല്‍ പിന്നെ കടംവാങ്ങി കൃഷിയിറക്കിയ തങ്ങള്‍ക്ക് മിച്ചമൊന്നും ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
അധികൃതര്‍ മൗനം പാലിക്കുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. വെള്ളപ്പൊക്കത്തില്‍ നശിച്ച കൃഷിയുടെ പേരില്‍ നഷ്ടപരിഹാരമായി ചില്ലിക്കാശ് പോലും കിട്ടിയില്ലെന്നും കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് കിലോ വരെ കിഴിവ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയാണ് മില്ലുകാര്‍ അമിത കിഴിവ് ആവശ്യപ്പെടാന്‍ കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. വിഷയം കൃഷി മന്ത്രിയുടെ വരെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി വൈകുകയാണ്. മില്ലുകാരുടെ കടുംപിടുത്തത്തിന് ഒരുതവണ വഴങ്ങിയാല്‍ വരും വര്‍ഷങ്ങളിലും ഇതേ സ്ഥിതി ആവര്‍ത്തിക്കുമെന്നതിനാല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. നെല്ല് എടുക്കും വരെ മഴ നനയാതെ സൂക്ഷിക്കുക വലിയ വെല്ലുവിളിയാണ്. രാവും പകലും നെല്ലിന് കാവലിരിക്കുന്ന ഇവര്‍ മറ്റ് ജോലികള്‍ക്ക് പോകാനും കഴിയാതെ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി കുമരകം ചേര്‍ത്തല റോഡ് ഉപരോധവും തുടര്‍ന്ന് വോട്ട് ബഹിഷ്‌കരണവുമാണ് കര്‍ഷര്‍ ആലോചിക്കുന്നത്.