കോട്ടയം: പാലാ മുനിസിപ്പാലിറ്റിയിൽ മാണി സി. കാപ്പൻ എം.എല്‍.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം അവസാനിപ്പിച്ചു. പാലാ മണ്ഡലത്തില്‍ അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികള്‍ രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ തടസപ്പെടുത്തുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിഷേധം.
നാളെ അടിയന്തര കൗണ്‍സില്‍ വിളിച്ച് തുടര്‍നടപടികൾ സ്വീകരിക്കുമെന്ന് ഭരണപക്ഷ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സെക്രട്ടറിയും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പദ്ധതികള്‍ തടസപ്പെടുത്താന്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് കാപ്പന്‍റെ ആരോപണം. മുനിസിപ്പാലിറ്റിയിലെ സെക്രട്ടറിയുടെ ഓഫീസിൽ ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടു.
പുലിയന്നൂര്‍ പാലത്തിന് സമീപം വെയിറ്റിംഗ് ഷെഡ് നിര്‍മാണത്തിന് നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും നടപടികൾ ഒന്നുമായില്ലെന്നും 12 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച കണ്ണമറ്റം ഊരാശാല റോഡ് നിര്‍മാണവും വൈകുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ മുരിക്കുംപുഴ തോണിക്കടവ് ഇന്‍റര്‍നാഷണല്‍ ജിംന്യേഷ്യം റോഡ് നിര്‍മാണത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇവയെല്ലാം മന്ദഗതിയാലാണെന്ന് അദ്ദേഹം പറഞ്ഞു.