കോട്ടയം: നെല്ലു സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ നടത്തിവന്ന രാപ്പകൽ സമരo അവസാനിച്ചു. നെല്ല് ഏറ്റെടുക്കാൻ പുതിയ മില്ലുകാരെ ചുമതലപ്പെടുത്തിയതായി സപ്ലൈകോ പാഡി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് കോട്ടയത്ത് സപ്ലൈകോ ഓഫിസിന് മുൻപിൽ നടത്തിവന്ന സമരം കർഷകർ അവസാനിപ്പിച്ചത്. കർഷകർ മുന്നോട്ട് വച്ച മൂന്ന് കിലോ കിഴിവ് അംഗീകരിച്ചതായി പാഡി പെയ്മെന്‍റ് ഓഫിസർ ശിവസുധീർ അറിയിച്ചു. ഇതേ തുടർന്ന് സമരം വിജയിച്ചതായി സമരസമിതി പ്രഖ്യാപിച്ചു.
നീണ്ടൂർ, കല്ലറ, ആർപ്പൂക്കര, കടുത്തുരുത്തി, ചെമ്പ് എന്നിവിടങ്ങളിൽ നെല്ല് സംഭരണം ഇന്ന് തുടങ്ങും. കർഷകരുടെ കൂട്ടായ്‌മയുടെ വിജയമാണെന്ന് ഉറപ്പ് ലംഘിച്ചാൽ വീണ്ടും സമരം നടത്തുമെന്നും സമരസമിതി പ്രസിഡന്‍റ് എം കെ ദീലിപ് പറഞ്ഞു. കിഴിവിന്‍റെ പേരിൽ കർഷകർ കോട്ടയത്ത് സപ്ലൈകോ ഓഫസിനു മുന്നിൽ ഇന്നലെ രാവിലെ മുതലാണ് സമരം ആരംഭിച്ചത്. നെൽ ചാക്കുകൾ ഓഫിസിനു മുൻപിൽ നിരത്തിയായിരുന്നു സമരം. അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ രക്ഷാധികാരി മോഹൻ സി, ചതുരചിറ പ്രസിഡന്‍റ് എം കെ ദീലിപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.