കോട്ടയം: കേരളാ കോൺഗ്രസിന്റെ 55 മത് ജന്മദിനാഘോഷം കോട്ടയത്ത് പി.ജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് നടത്തി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍ററിലാണ് ജന്മദിനാലോഷങ്ങൾ നടന്നത്. പി.ജെ ജോസഫ് കോടിമതയിലും ആഘോഷം ഉദ്ഘാടനം ചെയ്തു.
പാലായില്‍ പരാജയം സംഭവിച്ചത് ജോസ് കെ മാണി ഉപദേശകരെ അക്ഷരംപ്രതി അനുസരിച്ചതുകൊണ്ടെന്നായിരുന്നു പി.ജെ. ജോസഫിന്റെ ഉദ്ഘാടന പ്രസംഗത്തിലെ പരാമർശം.
പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ആത്മപരിശോധന നടത്തുമെന്ന് ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു. സംഭവിക്കാന്‍ പാടില്ലാത്തതാണ് പാലായില്‍ സംഭവിച്ചത്. ആത്മപരിശോധന നടത്തി പോരായ്മകള്‍ തിരുത്തും. പരാജയം കണ്ട് പതറില്ലെന്നും ഉപതെരഞ്ഞടുപ്പിന് ശേഷം പറയാനുള്ളതെല്ലാം പറയുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
ആര്‍.സി.ഇ.പി കരാര്‍ ഒപ്പിടുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പുകളിൽ ഒരുമയോടെയുള്ള പ്രവർത്തനം ഉണ്ടാവണമെന്നും ഇരുവരും യോഗങ്ങളിൽ പറഞ്ഞു.