കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ കേരള കോൺഗ്രസ് ജോസ് പക്ഷത്തിനായി വാതില്‍ തുറന്ന് എല്‍ഡിഎഫ്. യുഡിഎഫുമായി ഇനി ചർച്ചയില്ലെന്ന് ജോസ്.കെ മാണിയുടെ പ്രതികരണത്തിന് പിന്നാലെയാണ് എല്‍ഡിഎഫിന്‍റെ ക്ഷണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ജോസ്.കെ മാണിയെ മുന്നണിയിലേക്ക് ക്ഷണിച്ചത്. കേരള കോൺഗ്രസ് ബഹുജന അടിത്തറയുള്ള പാർട്ടിയാണന്ന് വ്യക്തമാക്കിയ കോടിയേരി, രാഷ്ട്രീയ രംഗത്ത് വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും സൂചിപ്പിച്ചു.
എൽഡിഎഫിലെ പ്രമുഖ നേതാക്കളും ജോസ് പക്ഷത്തിന്‍റെ മുന്നണി പ്രവേശനത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. ജോസ് പക്ഷത്തിന്‍റെ മുന്നണി പ്രവേശനത്തിൽ സിപിഐയുടെ എതിർപ്പ് പ്രാഥമിക പ്രതികരണം മാത്രമാണെന്ന് എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി. എൽഡിഎഫ് ക്ഷണം സ്വാഗതം ചെയ്ത ജോസ്.കെ മാണി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞു. അതേസമയം, മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ ആലോചനയില്‍ ഇല്ലെന്നും യുഡിഎഫില്‍ നിന്നും പുറത്ത് പോയാലും നിലവിൽ യുപിഎയുടെ ഭാഗമാണന്നും ജോസ് കെ മാണി പറഞ്ഞു.
മുന്നണി പ്രവേശനം അജണ്ടയില്‍ ഇല്ലെന്ന് ജോസ്.കെ മാണി വ്യക്തമാക്കുമ്പോഴും ലക്ഷ്യം ഇടതുപക്ഷം തന്നെയാണെന്നാണ് ജോസ്.കെ മാണിയുമായി അടുത്ത് ബന്ധമുള്ളവർ നൽകുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റുകളില്‍ അടക്കം ധാരണയായതായാണ് സൂചന. അങ്ങനെയെങ്കിൽ മാസങ്ങൾക്കുള്ളിൽ എൽഡിഎഫിലെ ഘടകകക്ഷിയായി ജോസ്.കെ മാണി രംഗ പ്രവേശനം ചെയ്യും. എന്നാൽ എല്‍ഡിഎഫ് ബന്ധത്തിൽ ജോസിന് ഒപ്പമുള്ള പ്രമുഖർക്ക് വിയോജിപ്പുണ്ടന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ജോസ് പക്ഷത്ത് മറ്റൊരു പൊട്ടിത്തെറിക്ക് ഇടതു പ്രവേശനം കാരണമായേക്കുമെന്നും വിലയിരുത്തലുണ്ട്.