കോട്ടയം സീറ്റ് സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ പ്രതിസന്ധിയിലായ യുഡിഎഫിന് മുന്നിൽ രണ്ടാം സീറ്റെന്ന ആവശ്യം ശക്തമാക്കി കേരള കോൺഗ്രസ്. കോട്ടയം സീറ്റിലെ സ്ഥാനാർഥിയെ മാറ്റണമെന്ന അഭിപ്രായം ജോസഫ് ഗ്രൂപ്പിൽ ഇല്ല,കേരള കോൺഗ്രസിൽ ജോസഫിന് കിട്ടാതെപോയ നീതി ലഭിക്കണമെന്നും മോൻ ജോസഫ് കോട്ടയത്ത് വ്യക്തമാക്കി. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ മാറ്റിനിർത്തിയുള്ള പ്രശ്നപരിഹാരത്തിന് തയ്യാറല്ലെന്ന് മാണി ഗ്രൂപ്പും വ്യക്തമാക്കിയതോടെയാണ് രണ്ടാം സീറ്റെന്ന ആവശ്യം ശക്തമാകുന്നത്.
കേരള കോൺഗ്രസിന്‍റെ ഏക സീറ്റിൽ പിജെ ജോസഫിനെ മത്സരിപ്പിക്കണമെന്നതായിരുന്നു ജോസഫ് വിഭാഗത്തിന് നിലപാട്. എന്നാൽ ജോസഫിനെ മറികടന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് കോട്ടയം സീറ്റിൽ പ്രഖ്യാപിച്ചതോടെയാണ് തർക്കങ്ങൾ രൂക്ഷമായത്. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് നൽകണമെന്നായിരുന്നു പിജെ ജോസഫിന്‍റെ ആവശ്യം
ഇതിനെതിരെ മാണി വിഭാഗം ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയാണ്, നാളെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നും പിജെ ജോസഫ് ഇടുക്കിയിൽ പ്രതികരിച്ചത്. തൊട്ടുപിന്നാലെ കോട്ടയം സീറ്റിൽ കേരള കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റണമെന്ന് നിലപാട് ജോസഫ് ഗ്രൂപ്പിന് ഇല്ലെന്ന് അഭിപ്രായവുമായി മോൻസ് ജോസഫ് രംഗത്തെത്തി. മുൻ നിലപാടുകളിൽ നിന്നുള്ള പിന്നോട്ട് പോക്കിന് പിന്നിൽ രണ്ടാം സീറ്റെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു എന്ന സൂചനകൾ ആണുള്ളത്.