കോട്ടയം: പ്രശസ്‌ത കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി (53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായിരുന്നു.
സ്‌ത്രീ വേഷങ്ങളിലൂടെയാണ് മുരളീധരൻ നമ്പൂതിരി പ്രസിദ്ധനായത്. മാത്തൂർ ഗോവിന്ദൻകുട്ടി, കലാമണ്ഡലം രാമൻകുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കൽ ശിവരാമൻ തുടങ്ങിയവർക്കൊപ്പം മുരളീധരൻ നമ്പൂതിരി അവതരിപ്പിച്ച സ്‌ത്രീവേഷങ്ങൾ ആസ്വാദക പ്രീതി പിടിച്ചു പറ്റി.
കുമാരനല്ലൂർ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ.കെ നാരായണൻ നമ്പൂതിരിയുടെയും കമലാദേവി അന്തർജനത്തിന്‍റെയും മകനായി 1969 ജനുവരി 11 ന് ജനിച്ചു. മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്‍റെ കലാകേന്ദ്രം കളരിയിൽ കഥകളി അഭ്യസിച്ചു. പേരൂർ മൂല വള്ളിൽ ഇല്ലത്ത് ഗീതാലാലാണ് ഭാര്യ. ഇഎൻ ശോഭനാ ദേവി, ഇഎൻ രാധാകൃഷ്‌ണൻ നമ്പൂതിരി എന്നിവരാണ് സഹോദരങ്ങൾ.