കോട്ടയം : RSS Leader Ranjith Murder : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ കൊല ചെയ്‌ത പോപ്പുലർ ഫ്രണ്ട് കൊലയാളികളെ സംസ്ഥാനം വിടാൻ സഹായിച്ചത് പൊലീസാണെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊല നടന്ന ശേഷം രണ്ട് ദിവസം പ്രതികളെ പിടിക്കാൻ ഒരു നടപടിയുമെടുക്കാത്ത പൊലീസ് ഇപ്പോൾ അവര്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഇരുട്ടിൽ തപ്പുകയാണ്. സംസ്ഥാനത്തെ ഹൈവേകളിൽ പരിശോധനയുണ്ടാകുമെന്ന് നേരത്തെ പരസ്യം കൊടുത്ത് കൊലയാളികൾക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും പൊലീസ് ഒരുക്കിക്കൊടുത്തു.
ആലപ്പുഴയിൽ നടക്കുന്നത് ഏകപക്ഷീയമായ അന്വേഷണമാണ്. സംസ്ഥാനം മുഴുവന്‍ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ കരുതൽ തടങ്കലിലെടുക്കാൻ ശ്രമിക്കുന്ന പൊലീസ് പോപ്പുലർ ഫ്രണ്ടുകാരെ സഹായിക്കുകയാണ്. തീവ്രവാദികളുടെ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്താൻ പോലും പൊലീസ് തയാറാവുന്നില്ല.
പൊലീസിന്‍റെയും സർക്കാരിന്‍റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടുകാർ കൊലപാതക പരമ്പര തുടരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ വിവരങ്ങളും വീടിന്‍റെ സ്കെച്ചും ചില പൊലീസുകാർ പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിന് ചോർത്തിക്കൊടുക്കുന്നുണ്ട്. ഇത്തരക്കാരെ കൈയ്യോടെ പിടികൂടിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല.
പൊലീസ് ആസ്ഥാനത്തെ രഹസ്യ മെയിൽ മതഭീകരർക്ക് ചോർത്തി കൊടുത്തയാളിന്‍റെ സസ്പെൻഷൻ പിൻവലിച്ച് സ്ഥാനക്കയറ്റം നൽകിയാണ് പിണറായി സർക്കാർ ആദരിച്ചത്. പൊലീസ് ആസ്ഥാനത്ത് നിന്ന് പോലും മതഭീകരർക്ക് വിവരങ്ങൾ എത്തിക്കാൻ ആളുകളുണ്ട്. സിപിഎമ്മുകാരനായ അഭിമന്യുവിനെ കൊല ചെയ്‌തവർ ആലപ്പുഴ മണ്ണാഞ്ചേരിയിൽ ഒളിവിൽ കഴിഞ്ഞിട്ട് ഒന്നും ചെയ്യാനാകാത്ത പൊലീസിൽ നിന്നും ബിജെപിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം പോപ്പുലർ ഫ്രണ്ട് പ്രതികളെ സഹായിക്കുന്നുണ്ട്. അദ്ദേഹം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന് പറഞ്ഞത് സിപിഎമ്മുകാർ തന്നെയാണ്. ഇപ്പോൾ അത് വ്യക്തമായിരിക്കുകയാണ്. പകൽ സിപിഎമ്മും രാത്രി പോപ്പുലർ ഫ്രണ്ടുമായാണ് പലരും പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള ഒരാളാണ് അമ്പലപ്പുഴ എംഎൽഎയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സംസ്ഥാനത്ത് ഡിവൈഎഫ്‌ഐ ഏതാണ് പോപ്പുലർ ഫ്രണ്ട് ഏതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഈരാറ്റുപേട്ടയിൽ സിപിഎമ്മിനെ മുഴുവനായി ഹൈജാക്ക് ചെയ്യാൻ പോപ്പുലർ ഫ്രണ്ടുകാർ ശ്രമിച്ചത് കേരളം മുഴുവൻ ആവർത്തിക്കപ്പെടും. തീവ്രവാദ സ്വഭാവമുള്ള കേസുകളെല്ലാം എൻഐഎക്ക് കൈമാറാൻ സർക്കാർ തയ്യാറാകണം.
മൂന്ന് ആർഎസ്എസ് പ്രവർത്തകരാണ് രണ്ട് മാസത്തിനിടെ ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടത്. ആലപ്പുഴയിൽ 6 മാസം കൊണ്ട് രണ്ട് സംഘപ്രവർത്തകരെ കൊല ചെയ്‌തു. പോപ്പുലർ ഫ്രണ്ടിനെ ഭയക്കുന്ന പൊലീസിനെതിരെ ബിജെപി ശക്തമായ ബഹുജന പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.