കൊല്ലം : പത്തനാപുരം നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം നഗരത്തിൽ തെരുവുനായകളുടെ ആക്രമണത്തിൽ പരിക്കേറ്റത് മൂന്ന് പേർക്ക്. കല്ലുംകടവിലും പള്ളിമുക്കിലുമായിട്ടാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണം ഉണ്ടായത്.
കടത്തിണ്ണയില്‍ കിടന്നുറങ്ങിയ പുതുവല്‍ സ്വദേശി രാമചന്ദ്രനാണ് ആദ്യം കടിയേറ്റത്. പിന്നിലൂടെ കൂട്ടത്തോടെ വന്ന നായകൾ രാമചന്ദ്രന്‍റെ മുഖത്തും കഴുത്തിലും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റുകിടന്ന രാമചന്ദ്രനെ സമീപത്തെ വ്യാപാരികളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പള്ളിമുക്ക് നെടുപറമ്പ് പുത്തൻപറമ്പിൽ തോമസ്(90), ഭാര്യ മറിയാമ്മ(85) എന്നിവർക്കും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.
വീട്ടിലെ ആടിനെ തെരുവുനായ കടിക്കുന്നത് കണ്ട് ഓടിയെത്തിയപ്പോഴാണ് തോമസിനെയും മറിയാമ്മയെയും നായ ആക്രമിച്ചത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സാസൗകര്യമില്ലാതെ പത്തനാപുരം താലൂക്ക് ആശുപത്രി
കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ആളുകളെയാണ് പത്തനാപുരത്ത് തെരുവുനായകൾ ആക്രമിച്ചത്. പത്തനാപുരത്തും പരിസരങ്ങളിലുമായി ആർക്കെങ്കിലും നായ്ക്കളുടെ കടിയേറ്റാൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെങ്കിൽ പുനലൂരോ അടൂരോ കൊല്ലത്തോ പോകേണ്ട സ്ഥിതിയാണ്.
പ്രതിരോധ കുത്തിവയ്പ്പ് പത്തനാപുരം താലൂക്ക് ആശുപത്രിയിൽ നടത്താൻ നടപടി ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നാളുകളുടെ പഴക്കമുണ്ട്. എന്നാൽ യാതൊരു നടപടിയും ഇതുവരെയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
ജനങ്ങൾക്ക് തെരുവ് നായകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അറവുമാലിന്യങ്ങൾ നഗരത്തിന്‍റെ പല ഭാഗത്തും തള്ളുന്നതാണ് തെരുവുനായകൾ പെരുകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.
Also Read: മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വി.ഡി സതീശൻ