കൊല്ലം: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നാട്ടില്‍ സർക്കാർ അനാസ്ഥയില്‍ ഗൃഹനാഥന് നഷ്ടമായത് സ്വന്തം ചലനശേഷിയാണ്. ജലസേചന വകുപ്പിന്‍റെ അനാസ്ഥയില്‍ ജീവിതം കിടക്കയില്‍ തള്ളി നീക്കേണ്ടി വന്ന കൊല്ലം പാലത്തറ സ്വദേശി ശശീന്ദ്രബാബുവിനോട് സംസ്ഥാന സർക്കാർ ചെയ്തത് ക്രൂരത. കൂലിപ്പണിക്കാരനായ ശശീന്ദ്രബാബു 25 വർഷം മുമ്പ് ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്കു മടങ്ങും വഴി മേവറം തട്ടാമല സ്കൂളിനു സമീപം ജലസേചന വകുപ്പ് എടുത്തിട്ടിരുന്ന ഓടയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. കഴുത്തിന് താഴേക്ക് പൂർണമായും തളർന്നു. ഭാര്യ അമ്പിളിയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ഇതോടെ ദുരിതത്തിലായി.
ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ അപകടം നടന്ന് രണ്ട് വർഷം കഴിഞ്ഞ് 1997 ജൂലൈ 28 ന് കൊല്ലം അഡീഷണൽ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. 2013ല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി ഉത്തരവിട്ടു. എന്നാല്‍ സാങ്കേതിക കാരണങ്ങൾ നിരത്തി സഹയാം നല്‍കുന്നത് സർക്കാർ നീട്ടിക്കൊണ്ടുപോയി. 2017 സെപ്റ്റംബർ 18ന് സംസ്ഥാന സർക്കാർ കോടതി വിധിക്ക് എതിരെ അപ്പീൽ നൽകി. ഇതോടെ അവസാനത്തെ പ്രതീക്ഷയും ശശീന്ദ്രബാബുവിന്‍റെ കുടുംബത്തിന് നഷ്ടമായി. കോടതി കനിഞ്ഞിട്ടും സംസ്ഥാന സർക്കാരിന്‍റെ നിലപാടില്‍ ജീവിതം വഴിമുട്ടിയതോടെ വിവാഹ പ്രായം എത്തിയ മക്കൾക്കും ഭാര്യക്കും ഒപ്പം എന്തുചെയ്യണമെന്നറിയാതെ കിടക്കയില്‍ ജീവിതം തള്ളി നീക്കുകയാണ് ശശീന്ദ്രബാബു.