കൊല്ലം : ദേശീയപാതയില്‍ വാഹനാപകടം തുടര്‍ക്കഥ. നീണ്ടകര പരിമണം ജംഗ്ഷന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികർക്ക് ഗുരുതര പരിക്ക്. കൊല്ലം ചായക്കടയിൽ നിന്നും കുലയുമായി പോയ ലോറിയും, കരുനാഗപള്ളി ഭാഗത്ത് നിന്നും കടയ്ക്കലിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
Also Read: അയ്‌മനം മാതൃക ടൂറിസം ലോകനെറുകയിലേക്ക്; കൊണ്ടേ നാസ്റ്റ് ട്രാവലർ പട്ടികയിലും അയ്‌മനം
അമിത വേഗത്തിൽ ദിശതെറ്റി വന്ന ലോറി കാറിൽ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാര്‍ നൂറ് മീറ്ററോളം അകലെ പാതയോരത്തെ കുഴിയിൽ പതിച്ച് മറിഞ്ഞു. നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാര്‍ പൂർണമായും തകർന്നു. ലോറിയുടെ മുൻ ഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ലോറിയിൽ നിന്നും റോഡിൽ വീണൊഴുകിയ ഓയിൽ ചവറയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് കഴുകിയത്.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പൊലീസിന്‍റെ റിക്കവറി വാഹനം ഉപയോഗിച്ച് റോഡിൽ നിന്ന് നീക്കം ചെയ്തു. ചവറ പോലീസ് സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു.