കാസർകോട് : തെയ്യങ്ങളുടെ നാടായ ഉത്തരമലബാറിൽ ചമയത്തിലും ചടങ്ങിലും വ്യത്യസ്‌തത പുലർത്തുന്ന അനുഷ്‌ഠാന കലാരൂപമാണ് കൊറഗജ്ജ തെയ്യം. കാസർകോട് മുതൽ ഉഡുപ്പി വരെയുള്ള വിവിധ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ കൊറഗജ്ജ കെട്ടിയാടാറുണ്ട്. ഭൂതകാലത്തിന്‍റെ പ്രതിഫലനമായാണ് കൊറഗജ്ജയെ തുളുനാട്ടുകാർ കാണുന്നത്.
വടക്കേ മലബാറിലെ തെയ്യ സങ്കൽപ്പത്തിൽ നിന്ന് വേറിട്ടതാണ് കൊറഗജ്ജ തെയ്യം. പരമശിവന്‍റെ അംശമായും കൊറഗജ്ജ കരുതപ്പെടുന്നു. മുഖത്തും ശരീരത്തും കറുത്ത ചായം തേച്ച്, തലയിലും കൈകളിലും നാഗങ്ങളും കാലിൽ ചിലങ്കകളും അണിഞ്ഞുള്ളതാണ് കൊറഗജ്ജ തെയ്യത്തിന്‍റെ രൂപം.
തുളുനാട്ടിലെ ജനങ്ങൾ തങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിച്ചാൽ വീടുകളിലും ക്ഷേത്രങ്ങളിലും കൊറഗജ്ജ തെയ്യം കെട്ടിയാടിക്കും. കർക്കടകം ഒഴികെയുള്ള എല്ലാ മാസങ്ങളിലും തുളുനാട്ടിൽ കൊറഗജ്ജ ഉറഞ്ഞാടും. രൂപത്തിലും ചടങ്ങുകളിലും തികച്ചും വ്യത്യസ്‌തമാണെങ്കിലും വടക്കേ മലബാറിലെ തെയ്യക്കോലങ്ങൾ പറയുന്ന ജാതീയ വേർതിരിവുകൾക്ക് എതിരായുള്ള പോരാട്ടം തന്നെയാണ് കൊറഗജ്ജയും ഓർമപ്പെടുത്തുന്നത്.
ALSO READ: പള്ളിവാളുമേന്തി വെളിച്ചപ്പാട് പള്ളി മുറ്റത്ത്; ഇവിടെ മതമില്ല, സ്‌നേഹവും സൗഹൃദവും