കാസര്‍കോട്: പെരിയ ഇരട്ടകൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കോടതി നിയമ നടപടികളാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട 24 പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. കേസിന്‍റെ വിചാരണക്കായി പ്രതികളോട് മെയ് 17 ന് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.
കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ ഒളിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അതേ സമയം ശരത് ലാലിനെയും കൃപേഷിനെയും വധിക്കാനുപയോഗിച്ച ആയുധങ്ങളുടെ ഉറവിടത്തെ കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാരോപിച്ച് ഇരുവരുടെയും കുടുംബം കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടും.
പ്രതികള്‍ കോടതിയില്‍ ഹാജരാവുന്നതോടെ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കും. കേസിലെ അവ്യക്തത തീരണമെങ്കില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകണമെന്ന് ഇരുവരുടെയും കുടുംബം ക്രൈംബ്രാഞ്ചിനോടും സി.ബി.ഐയോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
also read: ശ്രീനിവാസന്‍ വധക്കേസ് : കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ അറസ്റ്റിലായത് 17 പേര്‍
2019 ഫെബ്രുവരി 17 നാണ് കല്ല്യാട്ട് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ശരത് ലാലിന്‍റെ കഴുത്തിലും ഇരുകാലുകളിലുമായി അഞ്ചിലേറെ വെട്ടുകളും കൃപേഷിന് തലക്ക് ആഴത്തില്‍ വെട്ടേറ്റതുമാണ് മരണ കാരണമായത്. കല്യോട്ടെ സിപിഎം പ്രവർത്തകൻ പീതാംബരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട ശരത‌് ലാലും, കൃപേഷും.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് കൊല്ലപ്പെട്ട ഇരുവരുടെയും കുടുംബം നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹെക്കോടതി കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു.