കാസർകോട് : ദേശീയപാതാ നിർമാണത്തിനിടെ കണ്ടെത്തിയ പെരുമ്പാമ്പിനും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണമൊരുക്കി വനം വകുപ്പ്. മാളത്തിൽ കണ്ടെത്തിയ അടയിരിക്കുന്ന പെരുമ്പാമ്പിന് 54 ദിവസമാണ് ഉദ്യോഗസ്ഥർ സംരക്ഷണം നൽകിയത്. കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ പ്രവൃത്തി താത്കാലികമായി നിർത്തിവച്ചാണ് അധികൃതർ പെരുമ്പാമ്പിനും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണമൊരുക്കിയത്.
ദേശീയപാത നിർമാണ ജോലികൾക്കിടെയാണ് തൊഴിലാളികള്‍ മുട്ടകളടക്കം പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയതോടെയാണ് പാമ്പ് അടയിരിക്കുകയാണെന്ന് മനസിലായത്. 24 മുട്ടകളാണ് ഉണ്ടായിരുന്നത്.
ഇവിടെ നിന്ന് നീക്കിയാൽ നശിച്ചുപോകുമെന്നതിനാൽ മുട്ട വിരിയാറാകുന്നത് വരെ കാത്തിരിക്കാൻ തീരുമാനിക്കുകയായിരുന്നു.തുടർന്ന് ഈ ഭാഗത്തെ റോഡ് നിർമാണം താത്കാലികമായി നിർത്തിവച്ചു. പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥരും റെസ്‌ക്യൂവർ അമീനും ചേർന്ന് രാവും പകലും പാമ്പിനെയും മുട്ടകളെയും നിരീക്ഷിച്ചുകൊണ്ടിരുന്നു.
മുട്ടകൾ വിരിയുന്നതിന് മുന്നോടിയായി പൊട്ടലുകൾ കാണാൻ തുടങ്ങിതോടെ കുഞ്ഞുങ്ങള്‍ റോഡിലേക്ക് പോകാതിരിക്കാൻ നീക്കം തുടങ്ങി. തുടർന്ന് എല്ലാ മുട്ടകളും പെട്ടികളിലാക്കി അമീന്‍റെ വീട്ടിലേക്ക് മാറ്റി നിരീക്ഷിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ മുട്ടപൊട്ടി കുഞ്ഞുങ്ങള്‍ പുറത്തേക്ക് എത്തി.കുഞ്ഞുങ്ങളെയെല്ലാം വനം വകുപ്പ് അധികൃതർ വനത്തിൽ തുറന്നുവിട്ടു.