കാസര്‍കോട്: തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെ ജില്ലയിലെ മലയോരത് ഡിസിസി നേതൃത്വത്തിനെതിരെ കലാപകൊടി ഉയർത്തി പ്രാദേശിക നേതൃത്വം. പഞ്ചായത്ത് സ്ഥാനാർഥി പട്ടിക, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരം പോലും വാങ്ങിക്കാതെ ഡിസിസി പ്രസിഡന്‍റ് നേരിട്ട് അംഗീകരിച്ചതിൽ പ്രതിഷേധിച്ചു ബ്ലോക്ക് പ്രസിഡന്‍റ് ബാബു കദളിമറ്റം സ്ഥാനം രാജി വെച്ചു.
തദ്ദേശ തെരഞ്ഞെടുപ് പ്രചാരണങ്ങൾക്കിടെയാണ് മലയോര മേഖലയിൽ വലതു മുന്നണിക്കുള്ളിൽ അസ്വാരസ്യം പുകയുന്നത്. കള്ളാറിലെ സ്ഥാനാർഥി പട്ടികയെ ചൊല്ലി മുസ്ലിം ലീഗിന് പിന്നാലെ കോൺഗ്രസ് പ്രാദേശിക നേതൃത്വവും ഇടഞ്ഞു. കള്ളാര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥിപ്പട്ടിക ബളാല്‍ ബ്ലോക്ക് കമ്മിറ്റിയുടെ അംഗീകാരം പോലും വാങ്ങിക്കാതെ ഡിസിസി പ്രസിഡന്‍റ് നേരിട്ട് കൈപ്പറ്റി അംഗീകരിച്ചെന്നാണ് ആരോപണം.
മേൽഘടകങ്ങളുടെ നിഷേധാത്മക സമീപനത്തിൽ പ്രതിഷേധിച്ചു സ്ഥാനം രാജി വെച്ചതായും ബാബു കദളിമറ്റം പറഞ്ഞു. പഞ്ചായത്ത് തല കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സമവായ ചര്‍ച്ചകളില്‍ ബ്ലോക്ക് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. നേരത്തെ കള്ളാറിൽ ലീഗ് ശക്തി കേന്ദ്രങ്ങളിൽ പോലും മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് ലീഗിൽ അമർഷം ഉയർത്തിയിരുന്നു.