കാസര്‍കോട്: പ്രളയദുരിതാശ്വാസത്തിന് സ്വന്തം ഭൂമി കൈമാറി മാതൃകയാവുകയാണ് കാസര്‍കോട് കാറഡുക്കയിലെ പ്രിയ. പാലിയേറ്റീവ് നഴ്‌സ് കൂടിയായ പ്രിയ തന്റെ കൈവശമുള്ളതില്‍ നിന്നും പത്ത് സെന്റ് വസ്തുവാണ് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്. കാലവര്ഷത്തിന്റെ ദുരിതപ്പെയ്ത്തില്‍ കിടപ്പാടം പോലും നഷ്ടമായ നിരവധി മനുഷ്യരുണ്ട്. ആധി പിടിച്ച മനസ്സുമായി ക്യാമ്പുകളില്‍ കഴിയുമ്പോള്‍ അവരെ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാറില്ല. അവര്‍ക്കിടയിലേക്കാണ് നന്മയുടെ വെളിച്ചവുമായി പ്രിയ എത്തിയത്. വലുതല്ലെങ്കിലും തന്നാല്‍ കഴിയുന്ന വിധമാണ് പ്രിയ പ്രളയം തകര്‍ത്ത ജീവിതങ്ങളെ ചേര്‍ത്ത് പിടിക്കുന്നത്.
കുറ്റിക്കോല്‍ വില്ലേജിലെ ഭൂമിയാണ് പ്രിയ സര്‍ക്കാരിലേക്ക് കൈമാറിയത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഭൂമി കൈമാറുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ പ്രളയസമയത്ത് തന്നെ ഇങ്ങനെയൊരാഗ്രഹം പ്രിയക്കുണ്ടായിരുന്നു. കുടുംബത്തിന്‍റെ പൂര്‍ണ്ണപിന്തുണയും പ്രിയക്കുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തകർ അണ്ണാറക്കണ്ണനും തന്നാലാകും പോലെ സഹായമെത്തിക്കുമ്പോള്‍ അതിനൊപ്പം ചേര്‍ന്ന് നടക്കുകയാണ് കാസര്‍കോടുകാരി പ്രിയയും.