കാസർകോട്: നവകേരള സദസിന്‍റെ ഉദ്ഘാടന വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ആരംഭിച്ചു. ബസിന്‍റെ മുൻ സീറ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്‌താണ് യാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് ബസ് കാസർകോട് ഗസ്റ്റ് ഹൗസിന് മുന്നിൽ എത്തിച്ചത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം 2.45 ഓടെ യാത്ര പുറപ്പെട്ടു.
ഇന്ന് (നവംബര്‍ 18) പുലർച്ചെ കാസർകോട് എത്തിച്ച ബസ്, എആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നിറത്തിന്‍റെ കാര്യത്തിൽ അടക്കം പ്രത്യേക ഇളവുകളോടെയാണ് ബസ് സഞ്ചരിക്കുന്നത്. ബസിന്‍റെ ഇളവുകൾ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ആഢംബര ബസിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
ഈ ബസിന് വേണ്ടി മാത്രമായി കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ (നവംബര്‍ 17) വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. കറുപ്പു നിറത്തില്‍ സ്വര്‍ണ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.
ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മിച്ചത്. ബെന്‍സിന്‍റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ആഢംബര ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. ബയോ ടോയ്‌ലറ്റ്, ഫ്രിഡ്‌ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളത്.
also read: നവകേരള സദസ്: ആഢംബര ബസ് കാസർകോട് എത്തി, പ്രത്യേക ഇളവുകൾ നൽകി സർക്കാർ