കാസര്‍കോട്: ഒരിക്കൽ കണ്ടാൽ തന്നെ മനസ്സ് നിറക്കുന്ന കാഴ്ചകളാണ് മൈസൂർ കൊട്ടാരം സമ്മാനിക്കുന്നത്. അങ്ങനെ മനസ്സിൽ കയറി കൂടിയ കൊട്ടാരത്തെ അതേപോലെ പകർത്തിയിരിക്കുകയാണ് കാസർകോട് കളനാട്ടെ സുരേന്ദ്രൻ. ഒരു വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് സുരേന്ദ്രൻ മൈസൂർ കൊട്ടാരത്തിന്‍റെ കുഞ്ഞൻ മാതൃക നിര്‍മിച്ചത്. വർണ്ണ വെളിച്ചങ്ങൾ നിറഞ്ഞുനിൽക്കുന്ന കൊട്ടാരം കണ്ടാൽ മൈസൂർ കൊട്ടാരത്തിൽ നവരാത്രി നാളുകളിൽ എത്തിയ പ്രതീതിയാണ്.
ദസറ ആഘോഷത്തിൽ അണിഞ്ഞൊരുങ്ങിയ കൊട്ടാരം അതുപോലെ തന്‍റെ കലാ വൈദഗ്ധ്യത്തിലൂടെ പുനർ സൃഷ്ടിച്ചിരിക്കുകയായിരുന്നു സുരേന്ദ്രൻ. സുരേന്ദ്രന്‍റെ ബന്ധുക്കളേറെയും മൈസൂരുവിലും ബംഗളൂരുവിലുമാണ്. അവിടങ്ങളിൽ പോകുമ്പോഴെല്ലാം മൈസൂർ കൊട്ടാരത്തിലും പോയി. കൊട്ടാരം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആയിരുന്നു നിർമാണം. ഫൈബർ പ്ലേറ്റ് ഉപയോഗിച്ചാണ് നിർമ്മിതികളേറെയും. പ്ലാസ്റ്റിക് പന്തുകളാണ് കൊട്ടാരത്തിന്‍റെ ഗോപുരത്തിന് ഉപയോഗിച്ചത്. വർണ്ണ വെളിച്ചങ്ങൾക്കുള്ള വയറിങ് അടക്കം സുരേന്ദ്രൻ സ്വയം ചെയ്തു. വീട്ടിലെ സ്വീകരണമുറിയിൽ ആണ് രണ്ടു മീറ്റർ നീളത്തിലുള്ള കൊട്ടാര മാതൃകയുള്ളത്. പലരും വിൽക്കുന്നുണ്ടോ എന്ന് ചോദിച്ചുവെങ്കിലും ഒരു വർഷത്തെ അധ്വാനത്തിന്‍റെ വില ലഭിച്ചാൽ നൽകുമെന്നാണ് സുരേന്ദ്രൻ പറയുന്നത്.
ബുർജ് ഖലീഫയുടെ മാതൃക പണിയാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ സുരേന്ദ്രൻ. ഡൽഹിയിൽ എത്തിയപ്പോൾ പുറമേ നിന്നും കണ്ട പാർലമെന്‍റ് മന്ദിരത്തിന്‍റെ മാതൃകയും സുരേന്ദ്രൻ നിർമിച്ചിട്ടുണ്ട്. സുരേന്ദ്രന്‍റെ അമ്മയും നാലു മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ പൂർണ്ണ പിന്തുണയും സുരേന്ദ്രന്‍റെ കലാപ്രവർത്തനങ്ങൾക്ക് കരുത്താകുന്നു.