കാസർകോട്: ഉദ്ഘാടനവും ആഘോഷപരിപാടികളുമില്ല. കേരളത്തില്‍ കൊവിഡ് ഏറ്റവുമധികം ബാധിച്ച കാസർകോട്ട് മെഡിക്കല്‍ കോളജ് പ്രവർത്തനം തുടങ്ങി. ജില്ലയിലെ കൊവിഡ് ആശുപത്രിയായാണ് ഉദ്ഘാടനത്തിന് മുൻപേ മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയത്. വെൻ്റിലേറ്റർ അടക്കമുള്ള സൗകര്യങ്ങൾ കൂടി തയ്യാറാവുന്നതോടെ കൊവിഡ് ആശുപത്രി പൂർണ തോതിൽ സജ്ജമാകും. മെഡിക്കൽ കോളജിനായി നിർമ്മാണം പൂർത്തിയായ അക്കാദമിക് കെട്ടിടത്തിലാണ് പ്രത്യേക കൊവിഡ് ആശുപത്രിയുടെ പ്രവർത്തനം.
കൊവിഡ് ആശുപത്രിക്കായി കാസർകോട് മെഡിക്കൽ കോളജിൽ ഒരുക്കിയ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്‌തരാണെന്ന് സംഘത്തിലെ ഡോ. സന്തോഷ് പറഞ്ഞു. തിരുവനന്തപുരത്തു നിന്നും 13 ഡോക്‌ടർമാരടക്കം 27 പേരാണ് കാസർകോടെത്തിയത്. ഇതിനു പുറമെ ജില്ലാ ആരോഗ്യ വകുപ്പിലെ 17 പാരാമെഡിക്കൽ സ്റ്റാഫും ഇവർക്കൊപ്പം ആശുപത്രിയിലുണ്ടാകും.
നേരത്തെ മാർച്ച് 15ന് ഒ പി സംവിധാനത്തിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റുകയായിരുന്നു. ഒടുവിൽ ജില്ലയുടെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കിടത്തി ചികിത്സയടക്കം തുടങ്ങുന്നത്. കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കുക എന്ന ദൗത്യമാണ് അനൗപചാരികമായി പ്രവർത്തനം തുടങ്ങിയ മെഡിക്കൽ കോളജിനുള്ളത്.