കാസർകോട്: ജില്ലയിൽ സ്വന്തമായി ഭൂമിയില്ലാത്ത 69 പട്ടികവര്‍ഗക്കാര്‍ക്ക് 18.22 ഏക്കര്‍ ഭൂമി വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്നു. പട്ടികവര്‍ഗകാര്‍ക്കുള്ള 'ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം' 'ലാന്‍റ് ബാങ്ക് പദ്ധതി' എന്നിവ പ്രകാരം ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ച 1,686 പട്ടികവര്‍ഗക്കാരില്‍ നിന്നുമാണ് സ്വന്തമായി ഭൂമി ഇല്ലാത്ത 206 പേരുടെ പട്ടിക തയ്യാറാക്കി നറുക്കെടുപ്പിലൂടെ 69 പേരെ തെരഞ്ഞെടുത്തത്.
ഇവരില്‍ 67 പേര്‍ക്ക് 25 സെന്‍റ് വീതം സ്ഥലവും ഒരാള്‍ക്ക് 20.5 സെന്‍റ് സ്ഥലവും മറ്റൊരാള്‍ക്ക് 20 സെന്‍റ് സ്ഥലവും ലഭിക്കും. കാസര്‍കോട്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ബേളൂര്‍, പനത്തടി, കോടോത്ത്, പാലാവയല്‍, കുറ്റിക്കോല്‍, മുന്നാട്, കരിവേടകം, കള്ളാര്‍ വില്ലേജുകളിലാണ് ഇവര്‍ക്ക് ഭൂമി ലഭിക്കുക. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഈ 69 പേര്‍ മാറാട്ടി, മലവേട്ടുവ, മാവിലന്‍ വിഭാഗങ്ങളില്‍ പെടുന്നവരാണ്. ഭൂമി ആവശ്യമുണ്ടെന്ന് അപേക്ഷ ക്ഷണിച്ച് അപേക്ഷ സമര്‍പ്പിച്ച 242 ഭൂവുടമകളില്‍ നിന്നും ഫീല്‍ഡ്-ജില്ലാതല പരിശോധനയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട എട്ടു പേരുടെ കൈകളില്‍ നിന്ന് വാങ്ങിയ 18.22 ഏക്കര്‍ ഭൂമിയാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നത്.