കാസർകോട്: പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പ്രതിയായ കേസ് ക്രൈം ബ്രാഞ്ചിന്. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നും പിന്മാറാൻ ബി.ജെ.പി പണവും ഫോണും നൽകിയെന്നായിരുന്നു ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തല്‍. സംഭവത്തിൽ ബദിയടുക്ക പൊലീസ് തിങ്കളാഴ്‌ച കെ.സുരേന്ദ്രനെ പ്രതി ചേര്‍ത്ത് കേസെടുത്തിരുന്നു.
സുരേന്ദ്രനെതിരെ വിവിധ വകുപ്പുകൾ
അതേ സമയം ബി.ജെ.പി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചെന്ന സുന്ദര നല്‍കിയ മൊഴി പ്രകാരം കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 365, 342 ഉള്‍പ്പടെയുള്ള വകുപ്പുകളാണ് കെ. സുരേന്ദ്രന് മേല്‍ ചുമത്തിയത്. ഈ സാഹചര്യത്തിലാണ് അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കെ. സുരേന്ദ്രനെതിരായ പരാതിയില്‍ തുടരന്വേഷണം നടത്തും.
മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ നല്‍കിയ പരാതിയില്‍ ഐ.പി.സി 171 ബി, 171 ഇ തുടങ്ങിയ വകുപ്പുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കെ. സുരേന്ദ്രനു പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ഭാരവാഹി സുനില്‍ നായ്‌ക്, പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരായ സുരേഷ് നായ്‌ക്, പ്രകാശ് ഷെട്ടി എന്നിവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് വിവരം.
Also Read:കെ സുന്ദരക്ക് പൊലീസ് സംരക്ഷണം: മൊഴി രേഖപ്പെടുത്തുന്നു