കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ജലക്ഷാമം രൂക്ഷമാക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ പ്രതീക്ഷിച്ചതിന്റെ പകുതി പോലും മഴ ലഭിച്ചില്ല. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കാനായി കേന്ദ്ര സംഘം കാസര്‍കോട്ടെത്തും. കാലവര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴും മഴലഭ്യതയിലെ കുറവാണ് ആശങ്കപ്പെടുത്തുന്നത്. മഴക്കുറവ് ഭൂഗര്‍ഭ ജലവിതാനത്തിന്റെ അളവ് താഴുന്നതിന് കാരണമായതായാണ് വിദഗ്ധര്‍ പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ കിണറുകളും ഉള്ള ജില്ല കൂടിയാണ് കാസര്‍കോട്. അശാസ്ത്രീയവും മുന്‍കരുതലുകളുമില്ലാത്ത ജലവിനിയോഗവും പ്രതിസന്ധി സൃഷ്ടിക്കുന്നു. കാസര്‍കോട് ബ്ലോക്കിലാണ് ജലവിതാനം ഏറെ താഴ്ന്നത്. ഇവിടെ ഭൂഗര്‍ഭ ജലശോഷണത്തിന്‍റെ തോത് 90 ശതമാനത്തിന് മുകളിലാണ്. കാറഡുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട് ഉള്‍പ്പടെയുള്ള മൂന്ന് ബ്ലോക്കുകളില്‍ 70 മുതല്‍ 90 ശതമാനം വരെയാണ് ജലശോഷണം. നിലവില്‍ പരപ്പ, നീലേശ്വരം ബ്ലോക്കുകളാണ് ഭൂഗര്‍ഭ ജലനിരപ്പിന്‍റെ കാര്യത്തില്‍ സുരക്ഷിതാവസ്ഥയിലുള്ളത്.
ഭൂഗര്‍ഭ ജലനിരപ്പിന്‍റെ കാര്യത്തില്‍ രാജ്യത്ത് അതീവ ഗുരുതരാവസ്ഥയിലുള്ള 320 ജില്ലകളില്‍ ഒന്ന് കാസര്‍കോടാണ്. അതീവ ഗുരുതരാവസ്ഥ പഠിക്കാന്‍ കേന്ദ്ര സംഘവും ഉടന്‍ കാസര്‍കോട്ടെത്തും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ 'ജല ശക്തി അഭിയാന്‍' പ്രകാരം ജില്ലയിലെ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും. പാലക്കാട് ജില്ലയും രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്.