പിബി അബ്ദുൾ റസാഖ് എംഎൽഎയുടെ മരണത്തിന് ശേഷം ഒരു വര്‍ഷം കഴിയുമ്പോഴാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബഹു ഭാഷ സ്വാധീനമുള്ള മണ്ണാണ് മഞ്ചേശ്വരത്തിന്‍റേത്. മലയാളത്തിനു പുറമെ തുളുവും കന്നടയും മറാഠിയും കൊങ്ങിണിയും ഉള്‍പ്പെടെ ഏഴ് ഭാഷകള്‍ നിറഞ്ഞു നിൽക്കുന്ന മണ്ണ്. അതുകൊണ്ടുതന്നെ വികസനം ഉൾപ്പടെയുള്ള ഘടകങ്ങൾ പ്രധാന ചർച്ചയാകുമ്പോഴും , ഭാഷാ- സാമുദായിക ഘടകങ്ങൾ മഞ്ചേശ്വരത്തെ ഏറെ സ്വാധീക്കും.
തുളുനാട്ടിൽ ഇതുവണയും പോര് തെളിയുന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ്. കഴിഞ്ഞകാല കണക്കുകള്‍ പരിശോധിച്ചാൽ മഞ്ചേശ്വരത്തിന്‍റെ മനസ് ഏറെയും കൂറ് പുലർത്തിയത് വലതിനൊപ്പമാണ്. ഇടത് - വലത് മുന്നണികള്‍ക്കൊപ്പം ബിജെപിക്കും ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മഞ്ചേശ്വരം. മുന്നണികള്‍ ബലാബലം പരിക്ഷിച്ച മത്സരങ്ങളിൽ ഏഴ് തവണയാണ് മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
മുസ്ലീം ലീഗിന് വലിയ സ്വാധീനമുള്ള പ്രദേശമായതിനാൽ ലീഗ് ജില്ലാ പ്രസിഡന്‍റ് എം.സി ഖമറുദ്ദീനാണ് മഞ്ചേശ്വരം നിലനിർത്താനായുള്ള യുഡിഎഫ് ദൗത്യം. ചരിത്രം ഒപ്പം നിൽക്കുമ്പോഴും 2016 ൽ മണ്ഡലത്തിൽ ഭൂരിപക്ഷം 89 വോട്ടുകളായി ആയി ചുരുങ്ങിയത് മുന്നണിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താൻ കാസർകോട് നേടിയ വലിയ ആധിപത്യം മഞ്ചേശ്വരത്തും നിലനിർത്താൻ സാധിക്കുമെന്ന് തന്നെയാണ് മുന്നണി വിലയിരുത്തൽ. എട്ടിൽ ആറ് പഞ്ചായത്തുകൾ കൈവശമുള്ളതും യുഡിഎഫിന് ആശ്വാസമേകുന്ന ഘടകമാണ്. മണ്ഡലത്തിലെ പരമ്പരാഗത വോട്ടു ബാങ്കുകളിൽ ഇത്തവണയും ചോര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു.
ഇടതു മുന്നണി ഏറെ തവണയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. 2006 ലാണ് അവസാനമായി മുന്നണി മഞ്ചേശ്വരം കീഴടക്കിയത്. അതുകൊണ്ട് തന്നെ സി.എച്ച് കുഞ്ഞമ്പു നേടിയ ആ പഴയ ആധിപത്യം തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അരയും തലയും മുറുക്കിയാണ് ഇടത് ക്യാമ്പ് പോരിനിറങ്ങിയത്. യക്ഷ കലാകാരനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ ശകർ റൈ മണ്ഡലത്തിൽ സുപരിചിതൻ ആണെന്നത് മുന്നണിക്ക് അനുകൂല ഘടകമാണ്. പ്രധാന നേതാക്കൾ അണി നിരന്ന ശക്തമായ പ്രചാരണം ഗുണകരമാകും എന്നും മുന്നണി കണക്ക് കൂട്ടുന്നു. പ്രാദേശിക സ്വാധീനവും ബഹു ഭാഷ മികവും പുലർത്തുന്ന ശങ്കര്‍ റൈ മുന്നിട്ടിറങ്ങുമ്പോൾ മത- ന്യൂന പക്ഷങ്ങളുടെ വോട്ടുകളും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.
ബിജെപിയുടെ ശക്തമായ സ്വാധീനമേഖലകളിൽ ഒന്നാണ് മഞ്ചേശ്വരം. 89 വോട്ടുകൾക്ക് കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലത്തിൽ ഇത്തവണ താമര വിരിയിക്കാം എന്ന പ്രതീക്ഷയിൽ തന്നെയാണ് എൻഡിഎ. 1987 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരും ബിജെപി തന്നെ. 2006 ,2011, 2016 വർഷങ്ങളിൽ മണ്ഡലത്തിൽ ഉണ്ടായ വോട്ട് വർധന, ഇത്തവണ വിജയത്തിലേക്ക് വഴിമാറും എന്ന് ബിജെപിയും എൻഡിഎയും കണക്കുകൂട്ടുന്നു. 2016 ൽ നിയമസഭയിലേക്കും 2019 ൽ ലോക്സഭയിലേക്കും മത്സരിച്ച രവീശ തന്ത്രി കുണ്ടാറിന്‍റെ സുപരിചിത മുഖം ഇത്തവണ നേട്ടമാകുമെന്നും എൻഡിഎ വിലയിരിത്തുന്നു.
വികസന പ്രശ്നങ്ങൾ തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാ വിഷയം. ഭാഷാ, സാമുദായിക ഘടകങ്ങൾ ഏറെ ഉള്ളതിനാൽ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും വോട്ടർമാരെ സ്വാധീനിക്കുന്ന ഘടങ്ങളായി മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.