കണ്ണൂർ: 89ആം വയസിലും തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് കൊടിക്കൂറ ഒരുക്കുന്ന തിരക്കിലാണ് അച്യുതവാര്യർ. ഉത്തരകേരളത്തിലെ പ്രശസ്തമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഉയർത്തുന്ന കൊടിക്കൂറ നാല് പതിറ്റാണ്ടായി തയ്ച്ച് നൽകുന്നത് അച്യുതവാര്യരാണ്. ചുവപ്പും കറുപ്പും വെള്ളയും കലർന്ന നാലര മീറ്റർ നീളവും 26 ഇഞ്ച് വീതിയും ഉള്ള കൊടിക്കൂറക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ദിവസങ്ങൾക്ക് മുൻപേ തന്നെ തുടങ്ങും.
തൃച്ചംബരത്തെ കൊടിക്കൂറയിൽ ഗരുഡൻ ചിഹ്നവും അലങ്കാരമായി വരുന്നുണ്ട്. ഉത്സവം മാർച്ച് ആറിന് കൊടിയേറുമ്പോൾ 65 ആം വർഷവും അത് തയ്യാറാക്കാൻ കഴിഞ്ഞത് ദൈവഹിതം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. വാർധക്യസമയത്ത് തന്‍റെ ജോലികളിൽ കൊച്ചുമകൻ സിദ്ധാര്‍ഥും കൈസഹായത്തിനുണ്ടെന്നതാണ് അച്യുതവാര്യർക്ക് ആശ്വാസം.
കൊടിക്കൂറക്ക് 7000 രൂപയിലേറെ ചിലവ് വരും. മുൻകാലങ്ങളിൽ ദേവസ്വം തന്നെയാണിത് ചെയ്തുകൊണ്ടിരുന്നത്. കേരളത്തിലെ ക്ഷേത്രങ്ങൾ കൂടാതെ ഡൽഹി, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്കും അച്യുതവാര്യർ കൊടിക്കൂറ തയ്ച്ചു നൽകിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ മാറുന്നതിനനുസരിച്ച് കൊടിയിലെ ചിഹ്നത്തിലും മാറ്റം വരുന്നുണ്ട്. കൃഷ്ണന് ഗരുഡൻ, ശാസ്താവിന് കുതിര, ഭഗവതിക്ക് സിംഹം എന്നിങ്ങനെയാണ് കണക്ക്. കൊടിമരത്തിന്‍റെ അളവനുസരിച്ചാണ് കൊടിക്കൂറ തയ്യാറാക്കുന്നത്.