കണ്ണൂര്‍: സി.പി.എമ്മിൽ ഒന്നുമല്ലാതിരുന്ന ഒരാൾ പെട്ടെന്ന് എല്ലാമായാതാണ് കുഞ്ഞനന്തന്‍റെ രാഷ്ട്രീയ ജീവിത കഥ. കടൽ ഭിത്തി നിർമാണത്തിനായി പാട്യം മേഖലയിൽ നിന്ന് കരിങ്കല്ല് കൊണ്ടു പോകുമ്പോൾ ടോൾ പിരിവ് നടത്തിയതാണ് ആദ്യ നീക്കം. ഒരു അഞ്ചടിക്കാന്‍റെ ധീരമായ ഈ നീക്കം കുഞ്ഞനന്തനെ 'അഞ്ചടി വീരനാക്കി' മെല്ലെ പാര്‍ട്ടിയിലേക്കും പടിപടിയായി നേതൃനിരയിലേക്കും. ബി.ജെ.പി, ആർ.എസ്.എസ്, ജനതാ പാർട്ടി വിഭാഗങ്ങൾക്ക് ബലമുണ്ടായിരുന്ന പാനൂർ മേഖലയിൽ സി.പി.എമ്മിനെ വളർത്താൻ കുഞ്ഞനന്തൻ ചാലക ശക്തിയായി. ആ പ്രവര്‍ത്തനം ഏരിയ കമ്മിറ്റി വരെ എത്തിച്ചു.
ഇതിനിടെയാണ് റവല്യൂഷണറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്ര ശേഖരന്‍ വടകര വള്ളിക്കാവ് വച്ച് കൊല്ലപ്പെടുന്നത്. ക്രൂരമയി നടത്തിയ കൊലപാതകത്തില്‍ സി.പി.എം പ്രതിരോധത്തിലായി. ടി.പിയെ വധിച്ചത് സി.പി.എമ്മിന്‍റെ അറിവോടെയാണെന്ന് ആക്ഷേപമുയര്‍ന്നു. വിമര്‍ശനങ്ങളെ പാര്‍ട്ടി എതിര്‍ത്തു. ടി.പിയെ വധിക്കാനുള്ള കണ്ണൂര്‍ സഹായം കുഞ്ഞനന്തനാണെന്നായിരുന്നു പ്രധാന വിമര്‍ശനം. കേസിൽ കുഞ്ഞനന്തന്‍ പതിമൂന്നാം പ്രതിയായി. എന്നാല്‍ അന്വേഷണത്തിനിടെ സഹായത്തിന് തലങ്ങും വിലങ്ങും പാർട്ടി മുന്നിട്ടിറങ്ങി. ഇതോടെ കുഞ്ഞനന്തനെന്ന പേര് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
കേസില്‍ 2014 ജനുവരിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍ ജയിലില്‍ അടക്കപ്പെട്ടു. ഇതിനിടെ കേരളത്തില്‍ അധികാരത്തിലെത്തിയ പിണറായി സർക്കാർ നിരന്തരം പരോളുകൾ നൽകി. 2018-ൽ മാത്രം കുഞ്ഞനന്തൻ 200 ദിവസത്തിലേറെ ജയിലിന് പുറത്ത് കഴിഞ്ഞു. ഇതിനിടെ 70 വയസ് കഴിഞ്ഞവർക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ച് കുഞ്ഞനന്തനെ പുറത്തെത്തിക്കാന്‍വരെ സർക്കാർ ശ്രമിച്ചിരുന്നു.
ഗവർണർ അനുമതി നൽകാതിരുന്നതോടെ ശ്രമം നടന്നില്ല. ഒടുവിൽ മെഡിക്കൽ ബോർഡിന്‍റെ ശുപാർശ പരിഗണിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ കുഞ്ഞനന്തന് ശിക്ഷായിളവ് നൽകിയ ഹൈക്കോടതി ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചു. കേരളത്തിന്‍റെ സമീപകാല ചരിത്രത്തിൽ കുഞ്ഞനന്തനെപ്പോലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു തടവുപുള്ളിയുമുണ്ടായിട്ടില്ല. പക്ഷേ ഒടുവിൽ രോഗത്തിന് മുന്നില്‍ കീഴടങ്ങി.