കണ്ണൂർ: ട്രെയിനിൽ നടന്നത് കേരള ജനതയെ ഞെട്ടിക്കുന്ന ഭീകര സംഭവമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ. പ്രഥമദൃഷ്‌ട്യാ ആസൂത്രിതമായ ഭീകര പ്രവർത്തനമാണ് നടന്നത്. സര്‍ക്കാര്‍ കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിന്‍റെ സമാധാനം തകര്‍ക്കാനുള്ള ശ്രമം: വേര് എവിടെവരെയുണ്ടെന്ന് കണ്ടെത്തും. കേരളത്തിന്‍റെ സമാധാന അന്തരീക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് ഇതിന്‍റെ പിന്നിലെന്നും ഇപി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
അതേസമയം, ട്രെയിനിന് തീയിട്ട സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സംസ്ഥാന മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി പി വിക്രമനാണ് അന്വേഷണ സംഘത്തിന്‍റെ തലവന്‍. എസ്‌പി പി വിക്രമനുള്‍പെടെ 18 അംഗങ്ങളാണ് അന്വേഷണ സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്‌പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്‌റ്റന്‍റ് കമ്മീഷ്‌ണര്‍ പി ബിജുരാജ്, താനൂര്‍ ഡിവൈഎസ്‌പി വി വി ബെന്നി എന്നിവര്‍ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. കൂടാതെ, സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്‌ടര്‍മാര്‍, സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ തുടങ്ങിയവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. ക്രമ സമാധാന വിഭാഗം എഡിജിപി എം ആര്‍ അജിത്‌കുമാറിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുന്നത്.
അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്: കഴിയുന്നത്ര വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അടിയന്തരമായി അന്വേഷണ നടപടികളുമായി ഊര്‍ജിതമായി മുന്നോട്ട് പോകുവാനും തീരുമാനിച്ചു.
ഓടികൊണ്ടിരുന്ന ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടൂവ് എക്‌സ്‌പ്രസ് ട്രെയിനിന് നേരയുണ്ടായ ആക്രമണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രോഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ഷഹറൂഫ് സെയ്‌ഫിയാണ് പ്രതിയെന്നാണ് സൂചന. സംഭസ്ഥലത്തു നിന്നും കണ്ടെത്തിയ സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളിലേയ്‌ക്ക് പൊലീസ് എത്തിയത്.
പൊലീസ് പുറത്തുവിട്ട രേഖാചിത്രവും ഇയാളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലും ഒത്തുനോക്കിയാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസ് നല്‍കിയത്. ട്രെയിനില്‍ തീയിട്ട ശേഷം തൊട്ടടുത്തുള്ള ബോഗിയിലേയ്‌ക്ക് ഇയാള്‍ ഓടിരക്ഷപെട്ടുവെന്നാണ് യാത്രക്കാരില്‍ ഒരാള്‍ നല്‍കുന്ന മൊഴി. യാത്രക്കാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയത്.
ആക്രമണം യാതൊരു പ്രകോപനവുമില്ലാതെ: കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാള്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായാണ് പുറത്തുവരുന്ന സൂചന. കണ്ണൂരില്‍ ചികിത്സ തേടിയത് നിലവില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളാണെന്ന നിഗമനത്തിലാണ് പൊലീസ്. കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും കാലിന് മരുന്നുവെച്ച ശേഷം അഡ്‌മിറ്റ് ആവാന്‍ കൂട്ടാക്കാതെ ഒരാള്‍ പോയി എന്നാണ് ഡോക്‌ടര്‍മാര്‍ക്ക് ലഭിച്ച വിവരം.
ഞായറാഴ്‌ച രാത്രിയാണ് അജ്ഞാതന്‍ കോഴിക്കോട് ഓടുന്ന ട്രെയിനില്‍ സഹയാത്രികരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. എലത്തൂര്‍ സ്‌റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ വച്ചാണ് സംഭവം. ഡി 1 കംപാര്‍ട്ട്മെന്‍റിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ സഹയാത്രികരുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപെടുവാനായി ട്രെയിനില്‍ നിന്നും എടുത്തുചാടിയ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്‌തു.