കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ പുളിങ്ങോത്ത് നിന്ന് കര്‍ണാടകയിലെ കുടക് ജില്ലയിലുള്‍പ്പെട്ട തലക്കാവേരിയിലേക്കെത്തുന്ന പാതക്കായി ഇവിടുത്തുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മാടായിക്കാവില്‍ നിന്ന് പുളിങ്ങോം വഴി തലക്കാവേരിയില്‍ എത്താന്‍ 42 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍, ഇപ്പോള്‍ മൂന്നു മണിക്കൂര്‍ സമയമെടുത്ത് 78 കിലോമീറ്റര്‍ സഞ്ചരിച്ച് തയ്യേനി, പറമ്പ, മാലോം, കോളിച്ചാല്‍, ബളാന്തോട്, പാണത്തൂര്‍, ദോതച്ചേരി വഴിയാണ് കുടക് ജില്ലയിലെ ബാഗമണ്ഡലയില്‍ എത്തുന്നത്.
അവിടെ നിന്നും വീണ്ടും യാത്ര ചെയ്താണ് ഭക്തര്‍ തലക്കാവേരിയിലേക്കെത്തുക. മാടായിക്കാവ്-പുളിങ്ങോം-തലക്കാവേരി പാത നിര്‍മിച്ചാല്‍ വളരെ എളുപ്പത്തില്‍ തലക്കാവേരിയിലെത്താം. എന്നാല്‍ വനത്തിലൂടെയുള്ള ഇത്തരമൊരു പാത കാവേരി നദിയുടെ ഉത്ഭവ സ്ഥാനത്തെയും വനസമ്പത്തിനെയും നശിപ്പിക്കുമെന്നാണ് കര്‍ണാടക വനം വകുപ്പ് പറയുന്നത്. ഇതാണ് റോഡ് നിർമാണത്തിന് തടസം.
നിലവില്‍ പുളിങ്ങോം വരെ മെക്കാഡം ടാർ ചെയ്ത റോഡും ബാക്കി ദൂരം കര്‍ണാടക വനത്തിന്റെ ഭാഗമായ മുണ്ടറോട്ട് റേഞ്ചിലൂടെ 18 കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണ് റോഡുമാണുള്ളത്. ഗ്രേറ്റര്‍ തലക്കാവേരി നാഷനല്‍ പാര്‍ക്കിലൂടെ കടന്നുപോകുന്ന മണ്ണു റോഡിന്റെ പൂര്‍ണ നിയന്ത്രണം കര്‍ണാടക വനം വകുപ്പിന്റെ കയ്യിലാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയിട്ടുണ്ട്.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ലോക്സഭയില്‍ ചോദ്യമുന്നയിച്ചെങ്കിലും നിലവില്‍ പ്രൊപ്പോസലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടി. ഇതോടെ കുടക്, മൈസൂരു, മാണ്ഡ്യ, ബംഗളൂരു എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലേക്കും വേഗത്തില്‍ എത്താൻ കഴിയുന്ന അന്തര്‍സംസ്ഥാന പാത യാഥാര്‍ഥ്യമാകാനുള്ള സാധ്യത വിദൂരത്തായി. ഇതേ വനപാതയിലൂടെ കടന്നുപോകുന്ന തലശ്ശേരി -മൈസൂരു റെയില്‍പാതക്ക് സര്‍വേ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ മാടായിക്കാവ്-പുളിങ്ങോം-ബാഗമണ്ഡല പാതക്കും അനുമതി ലഭിക്കുമെന്നാണ് മലയോരത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്.