കണ്ണൂർ: സെന്‍റര്‍ ഫോർ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആന്‍റ് എഡ്യൂക്കേഷണൽ ടെക്നോളജിയുടെ സഹായത്തോടെ തളിപ്പറമ്പ് മണ്ഡലത്തിൽ മുഴുവൻ കാമറകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ 170 ഓളം കാമറകളാണ് സ്ഥാപിക്കുന്നത്. ഐടി അധിഷ്ഠിത പദ്ധതിയായ തേർഡ് ഐയുടെ ഭാഗമായി ഏറ്റവും സുരക്ഷിതത്വത്തോടെയാണ് കുറഞ്ഞ ചിലവിൽ കാമറ സ്ഥാപിക്കുന്നത്.
ഇന്‍റര്‍നെറ്റിന്‍റെ സഹായമില്ലാതെ ക്ലോസ്‌ഡ് നെറ്റ്‌വർക്ക് നിർമിച്ച് അതിലൂടെ ഐപി കാമറ നിരീക്ഷണമാണ് സ്ഥാപിക്കുക. മലയോരം, പുഴയോരം, ജനവാസമില്ലാത്ത സ്ഥലങ്ങൾ തുടങ്ങി തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന എവിടെയും കാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്താനുതകുന്ന പദ്ധതി ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈന്‍ വഴി ഉദ്ഘാടനം ചെയ്യുമെന്ന് ജെയിംസ് മാത്യു എംഎൽഎ പറഞ്ഞു. ഇന്‍റര്‍നെറ്റ് സഹായമില്ലാതെ തന്നെ വീഡിയോ കോൺഫറൻസ്, പബ്ലിക് അഡ്രെസ്സിങ് സിസ്റ്റം, പബ്ലിക് സൈനേജ് സിസ്റ്റം എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
1.42 കോടി രൂപയാണ് പദ്ധതി ചിലവ്. തളിപ്പറമ്പ് മണ്ഡലത്തിലെ ഡിജിറ്റലൈസ് ചെയ്ത 167 വായനശാലകൾ, 115 ക്ലാസ്‌റൂമുകൾ, 245 അങ്കണവാടികൾ എന്നിവയെ കൂട്ടിയോജിപ്പിച്ച് ഇന്‍ററാക്ടീവ് വേർച്വൽ ലേർണിങ് സെന്‍ററുമായി ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കും തയ്യാറായിക്കഴിഞ്ഞു.