കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റിയിൽ തലമുറ മാറ്റത്തിന് സാധ്യത. പാർട്ടി കോൺഗ്രസ് സമാപിക്കുന്നതോടെ കൂടുതൽ പുതുമുഖങ്ങൾ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഇടംപിടിക്കും. കേരളത്തിൽ നിന്നുള്ള നാല് പുതുമുഖങ്ങൾ ഇടം പിടിച്ചേക്കുമെന്നാണ് സൂചന.
കേരളത്തിൽ നിന്നുള്ള നാലുപേർ ഒഴിയുമ്പോൾ പകരം മന്ത്രിമാരായ പി.രാജീവ്, കെ.എൻ ബാലഗോപാൽ, മുഹമ്മദ് റിയാസ്, മഹിള അസോസിയേഷൻ കേന്ദ്ര കമ്മറ്റിയംഗവും മുൻ എം.പിയുമായ ടി.എൻ സീമ എന്നിവർക്കാണ് സാധ്യത. പ്രത്യേക ക്ഷണിതാവായി രാജ്യസഭ എംപി ജോൺ ബ്രിട്ടാസും പട്ടികയിൽ ഇടം പിടിച്ചേക്കും. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റും മുസ്‌ലിം പ്രാതിനിധ്യമെന്നതുമാണ് മുഹമ്മദ് റിയാസിന് കേന്ദ്രകമ്മറ്റിയിലെത്താൻ വഴിയൊരിക്കുന്നത്.
നിലവിൽ ഇരുപതിലധികം ഒഴിവുകൾ ഉണ്ടാകാനാണ് സാധ്യത. കേരളത്തിൽ നിന്നുള്ള പിബി അംഗം എസ്. രാമചന്ദ്രൻപിള്ള, പി.കരുണാകരൻ, വൈക്കം വിശ്വൻ, എം.സി ജോസഫൈൻ എന്നിവർ കമ്മറ്റിയിൽ നിന്ന് ഒഴിവാകും. കൂടാതെ മൻബസു, ഹന്നൻ മുല്ല, സൂര്യകാന്ത് മിശ്ര, സിഐടിയു മുൻ അഖിലേന്ത്യ പ്രസിഡന്‍റ് എ.കെ പത്മനാഭൻ, ജി.രാമകൃഷ്‌ണൻ, പി.മധു, അനാരോഗ്യം കാരണം വിട്ടുനിൽക്കുന്ന ദേബൻ ഭട്ടാചാര്യ, ആദം നരസയ്യ നാരായൻ, ടി.കെ രംഗരാജൻ, എ.സൗന്ദര രാജൻ, റബിൻ ദേബ് എന്നിവരും കേന്ദ്രകമ്മറ്റിയിൽ നിന്ന് ഒഴിയാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. മഹേന്ദ്ര സിങ്, ത്രിപുര മുൻ സംസ്ഥാന സെക്രട്ടറി ബിജാൻ ദാർ, ഗൗതം ദാസ്, ശ്യാമൾ ചക്രബർത്തി, പ്രത്യേക ക്ഷണിതാവ് മല്ലു സ്വരാജ്യം എന്നിവരുടെ മരണത്തോടെ കേന്ദ്രകമ്മറ്റിയിലുണ്ടായ ഒഴിവും നികത്തും. എ.വിജരാഘവൻ പൊളിറ്റ് ബ്യൂറോയിൽ എത്തും.
Also Read: സിൽവർ ലൈനിൽ ഭിന്നാഭിപ്രായമില്ല, ഉയരുന്നത് അനാവശ്യ വിവാദങ്ങൾ: സീതാറാം യെച്ചൂരി