കണ്ണൂർ: ജില്ലയിൽ പ്രവർത്തിക്കു ഒട്ടുമിക്ക എ.ടി.എമ്മുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപണം. സാന്നിറ്റൈസർ കരുതി വെക്കുകയോ മറ്റ് കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാതെയാണ് ഇവയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ദിവസേന നൂറുക്കണക്കിന് ആളുകൾ കയറുകയും സ്‌പർശിക്കുകയും ചെയ്യുന്ന എ.ടി.എമ്മുകളിലാണ് ഈ സുരക്ഷാവീഴ്‌ച.
നഗരത്തിലെ മിക്ക ബാങ്കുകളുടെയും എടിഎമ്മുകളിലും സാനിറ്റൈസെർ പോലും കരുതി വെച്ചിട്ടില്ല. ഒഴിഞ്ഞ കുപ്പികൾ കാഴ്ചവസ്തുക്കളായിരിക്കയാണ്. കൈകഴുകാനുള്ള സംവിധാനങ്ങൾ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുന്ന പൊലീസ് ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. മിക്കവാറും എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത് ബാങ്ക് ഏജൻസികളാണ്. എന്നാൽ എ.ടിഎമ്മുകളുടെ നടത്തിപ്പും മറ്റും ബാങ്കുകളുടെ ഉത്തരവാദിത്തമാണ്.
Read More: കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്ക് കൊവിഡ്
ആദ്യഘട്ടത്തിൽ സ്റ്റേറ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കുകളും കൊവിഡ് സുരക്ഷാ കാര്യത്തിൽ ജാഗ്രത പുലർത്തിയിരുന്നു. എന്നാൽ പിന്നീട് പലയിടത്തും ഇവ ചടങ്ങുകൾ മാത്രമായി. അതിതീവ്ര കൊവിഡ് വ്യാപനം രൂക്ഷമായതോടെ എ.ടി.എമ്മുകളിലെ വീഴ്‌ച ഇടപാടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. നൂറുക്കണക്കിന് ആളുകൾ നിരന്തരം സ്പർശിക്കുന്ന കൗണ്ടറുകളിൽ ആവശ്യത്തിന് ശുചീകരണം പോലും നടക്കാത്ത അവസ്ഥയാണ്. യു.പി.ഐ ഉൾപ്പെടെ കറൻസി രഹിത ഇടപാടുകൾ വർധിച്ചതോടെയാണ് മിക്ക ബാങ്കുകളും എ.ടി.എമ്മുകളുടെ പരിപാലനം നാമമാത്രമാക്കിയത്.