കണ്ണൂർ: ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെരഞ്ഞെടുപ്പിനിടെ ആദിവാസി വോട്ടർമാരെ സിപിഎം പ്രവർത്തകർ തട്ടികൊണ്ടു പോയി മർദ്ദിച്ചതായി പരാതി. വീർപ്പാട് ഗിരിജൻ കോളനിയിലെ ശശി, ബാബു എന്നിവരെയാണ് തട്ടികൊണ്ട് പോയത്.
ചൊവ്വാഴ്‌ച വൈകുന്നേരം കാറിലെത്തിയ മൂന്നംഗ സംഘം ഓപ്പണ്‍ വോട്ട് ചെയ്യുമൊയെന്ന് ചോദിച്ചാണ് ഇരുവരേയും തട്ടികൊണ്ട് പോയത്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് തട്ടികൊണ്ട് പോകല്‍ നടന്നത്. തട്ടികൊണ്ട് പോയ ശേഷം ഇരുവരേയും അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.
ബുധനാഴ്‌ച സംഘത്തിന്‍റെ പിടിയില്‍ നിന്നും ബാബു രക്ഷപെട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ശശിയെ കാണാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വൈകുന്നേരത്തോടെ ശശിയെ കോളനിക്ക് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പരിക്കേറ്റ ഇരുവരേയും ഇരുട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഉപതെരഞ്ഞെടുപ്പിന് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. റൂറല്‍ എസ്‌പി നവനീത് ശര്‍മ്മ പോളിങ് സ്റ്റേഷനിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഇരിട്ടി ഡിവൈഎസ്‌പി പ്രിന്‍സ് അബ്രഹാമിന്‍റെ നേതൃത്വത്തില്‍ അഞ്ച് സിഐമാര്‍ക്കാണ് സുരക്ഷ ചുമതല നല്‍കിയിരിക്കുന്നത്.
ഇതിനിടെയാണ് തട്ടികൊണ്ടു പോകൽ സംഭവമുണ്ടായത്. കുറ്റവാളികൾക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ആവശ്യപ്പെട്ടു. ആറളം പഞ്ചായത്ത് ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് സിപിഎം പ്രവർത്തകരെ ഇതിന് പ്രേരിപ്പിച്ചതെന്നും ചന്ദ്രൻ തില്ലങ്കേരി കുറ്റപ്പെടുത്തി.