ഇടുക്കി : അരിക്കൊമ്പന്‍റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ട് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പൻ കോതയാർ നദിയുടെ വൃഷ്‌ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ചിത്രമാണ് തമിഴ്‌നാട് വനം വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും തമിഴ്‌നാട് വനം വകുപ്പ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല. നേരത്തെയും അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജല സംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്.
ആനയുടെ തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനം വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയിൽ തുടരുകയാണ്.
റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങളും തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കേരള വനം വകുപ്പുമായി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്നാണ് തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. കേരള വനം വകുപ്പും ആനയുടെ സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.
ഇടുക്കിയെ വിറപ്പിച്ച കൊമ്പൻ : അരിക്കൊമ്പനെ ഏപ്രില്‍ 29നാണ് കേരള വനം വകുപ്പ് പിടികൂടി തമിഴ്‌നാട് അതിർത്തിയിലെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. അവിടെ നിന്ന് കാടിറങ്ങി അതിർത്തി കടന്ന അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തി കമ്പം ടൗണില്‍ ഭീതി സൃഷ്‌ടിച്ചിരുന്നു.
ഇതിനെ തുടർന്നാണ് തമിഴ്‌നാട് വനം വകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി വീണ്ടും ഉൾക്കാട്ടിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ തമിഴ്‌നാട് - കേരള അതിർത്തി ജില്ലയായ കന്യാകുമാരിയിലെ അപ്പര്‍ കൊടയാർ വനത്തിലാണ് തുറന്നുവിട്ടത്. തുമ്പിക്കൈക്ക് പരിക്കേറ്റ ആനയ്‌ക്ക് ചികിത്സ നൽകിയതിന് ശേഷമായിരുന്നു വന മേഖലയിലേക്ക് തുറന്നുവിട്ടത്.
അപ്പര്‍ കൊടയാർ വനത്തിലെ പുതിയ ആവാസ വ്യവസ്ഥയുമായി അരിക്കൊമ്പന് വേഗത്തില്‍ പൊരുത്തപ്പെടാനാകുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചിരുന്നു. ധാരാളം വെള്ളവും തീറ്റയും ലഭിക്കുന്ന വനമേഖലയായത് കൊണ്ട് തന്നെ ജനവാസ മേഖലകളിലേക്ക് ആന തിരികെയെത്താനുള്ള സാധ്യത വിരളമാണെന്നും വനം വകുപ്പ് വ്യക്‌തമാക്കിയിട്ടുണ്ടായിരുന്നു.
ഹർജി തള്ളി മദ്രാസ് ഹൈക്കോടതി : ഇതിനിടെ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ ഫോറസ്റ്റ് ബഞ്ച് തള്ളിയിരുന്നു. ആനയെ എവിടെ വിടണമെന്ന് തീരുമാനിക്കേണ്ടത് വനം വകുപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്.
അരിക്കൊമ്പനെ അജ്ഞാതമായ സ്ഥലത്ത് തുറന്ന് വിടുന്നതിന് പകരം അതിന് പരിചിതമായ മതികെട്ടാൻചോല ദേശീയോദ്യാനത്തിന്‍റെ അതിർത്തിയിലുള്ള തമിഴ്‌നാട് വനങ്ങളിലേക്ക് തുറന്ന് വിടണമെന്നായിരുന്നു റെബേക്ക ജോസഫ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
നേരത്തെ ഹർജിക്കാരിയെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ആനയെ അങ്ങോട്ടോ ഇങ്ങോട്ടോ വിടണമെന്ന് ഉത്തരവിടാൻ തങ്ങൾക്ക് കഴിയില്ലെന്നും ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അധികാരികളെന്നും പറഞ്ഞ കോടതി ഹർജി പ്രശസ്‌തിക്ക് വേണ്ടി മാത്രമാണെന്നായിരുന്നു വിമർശിച്ചത്.