ഇടുക്കി: അടിമാലി ടൗണില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. മത്സ്യ- മാംസ വ്യാപാരശാലകള്‍ ഏറെയുള്ള മാര്‍ക്കറ്റ് ജംഗ്ഷനും പരിസരപ്രദേശങ്ങളും തെരുവ് നായകൾ കൈയ്യടക്കിയതോടെ കാല്‍നടയാത്രക്കാരും ഇരുചക്രയാത്രക്കാരും ഭീതിയിലാണ്. രാത്രിയാകുന്നതോടെ കൂട്ടമായി ഇറങ്ങുന്ന തെരുവുനായകൾ ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നു. നേരത്തെ നായകളെ തുരത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവയുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു.
കൂട്ടമായി നടക്കുന്ന നായകളെ തുരത്തിയോടിക്കാന്‍ ശ്രമിച്ചാല്‍ അവ കൂടുതല്‍ അപകടകാരികളായി ആക്രമിക്കാന്‍ ശ്രമിക്കുന്ന പ്രവണതയാണെന്ന് നാട്ടുകാര്‍ പറയുന്നു. നായകൾ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടി അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവായിട്ടുണ്ട്. ക്രമാതീതമായി വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ എണ്ണം കുറക്കാന്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.