ഇടുക്കി : മഞ്ഞുമൂടുന്ന ഇടുക്കി ജില്ലയിലെ പീരുമേട് പള്ളിക്കുന്നിൽ തേയില കൃഷിക്ക് തുടക്കം കുറിച്ച ബ്രിട്ടീഷുകാരനായ ജോണ്‍ ഡാനിയേല്‍ മണ്‍റോയെയും, അദ്ദേഹത്തിന്‍റെ കുതിര ഡൗണിയേയും അടക്കം ചെയ്ത ഒരു ദേവാലയം ഉണ്ട്. യൂറോപ്യന്‍ നിര്‍മാണ ശൈലിയുടെ പ്രൗഢിയും ചരിത്രവും ഇടകലർന്ന സെന്‍റ് ജോർജ് സിഎസ്ഐ പള്ളി. ചരിത്രമൂല്യവും പൗരാണിക പ്രസക്‌തിയുമുളള ദേവാലയം ഇംഗ്ലണ്ടിന്‍റെ കാവല്‍പിതാവായ സെയ്‌ന്‍റ് ജോര്‍ജിന്‍റെ നാമധേയത്തിലാണ് നിലകൊളളുന്നത്.
ജില്ലയിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തിൽ മലനിരകളിൽ തേയിലകൾ നട്ട് പരിപാലിക്കാൻ തുടങ്ങിയ കാലത്ത് ബ്രിട്ടീഷുകാർ ആരാധനയ്ക്കായി തുടങ്ങിയതാണ് പീരുമേട് പള്ളിക്കുന്ന് സെന്‍റ് ജോര്‍ജ് സി.എസ്.ഐ പള്ളി. മിഷനറി ആയിരുന്ന ഹെന്‍ട്രി ബേക്കര്‍ ജൂനിയറിന് തിരുവിതാംകൂർ രാജവംശമാണ് പള്ളി നിർമ്മാണത്തിനായി 15.62 ഏക്കര്‍ സ്‌ഥലം കൈമാറിയത്.
1869-ല്‍ ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ യൂറോപ്യന്‍ ശൈലിയില്‍ ഈ ദേവാലയം നിര്‍മിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മിച്ച ദേവാലയം അതേ രൂപത്തില്‍ തന്നെയാണ് ഇപ്പോഴും നിലകൊള്ളുന്നത്. ഇംഗ്ലണ്ട്, അയര്‍ലണ്ട്, സ്‌കോട്ട്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുമുള്ള 34 വിദേശികളെ സംസ്‌കരിച്ച ബ്രിട്ടീഷ് സെമിത്തേരിയും ദേവാലയത്തോട് ചേര്‍ന്ന് സ്‌ഥിതി ചെയ്യുന്നു.
ALSO READ: മേഘവും ഭൂമിയും ഒന്നാകുന്നൊരിടം... അതാണ് ഇടുക്കി ജില്ലയിലെ മീനുളിയാൻ പാറ
മണ്‍റോയുടെ ആഗ്രഹ പ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായിരുന്ന ഡൗണി എന്ന പെണ്‍കുതിരയെ ഇവിടെ അടക്കം ചെയ്‌തത്. പൂര്‍വികര്‍ അന്ത്യവിശ്രമം ചെയ്യുന്ന സെമിത്തേരിയും ഇവര്‍ ആരാധന നടത്തിവന്നിരുന്ന ദേവാലയവും സന്ദര്‍ശിക്കാന്‍ ഇന്നും ആദരവോടെ വിദേശത്തുനിന്നും കുടുംബാംഗങ്ങള്‍ എത്താറുണ്ട്.