ഇടുക്കി: കെ.എസ്.ഇ.ബി-അദാനി അഴിമതി ആരോപണം ആവർത്തിച്ച പ്രതിപക്ഷ നേതാവ് അദാനി കരാറിന്‍റെ ലെറ്റർ ഓഫ് അവാർഡ് (കരാര്‍ നടപടി വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് ബന്ധപ്പെട്ട അധികാരികള്‍ കരാറുമായി ബന്ധപ്പെട്ടവര്‍ക്ക് എഴുതി തയ്യാറാക്കി നല്‍കുന്ന സമ്മത പത്രം) പുറത്ത് വിട്ടു.
നാല് ഘട്ടങ്ങളിലായാണ് വൈദ്യുതി വാങ്ങാൻ സർക്കാർ അദാനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും അദാനിക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്‍കുന്നതിന് മുൻപ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ, കെ.എസ്.ഇ.ബിക്ക് കത്തെഴുതിയെന്നും അതിന്‍റെ അടിസ്ഥാനത്തിൽ അദാനി ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ കാര്യത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ 2021മാർച്ച് 17ന് പബ്ലിക് ഹിയറിങ് നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും കെ.എസ്.ഇ.ബിക്ക് അദാനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേ സമയം താൻ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ രേഖകൾ ഹാജരാക്കിയിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലമാണ് അദാനിയെന്നും ഈ ബന്ധത്തിന്‍റെ പേരിലാണ് ലാവ്‌ലിൻ കേസ് വൈകിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതോടൊപ്പം ധനമന്ത്രി തോമസ് ഐസക്കിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. 4,000 കോടി രൂപ കടം വാങ്ങുകയും എന്നാൽ 5000 കോടി രൂപ മിച്ചമുണ്ടെന്നുമാണ് തോമസ് ഐസക്ക് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 22,000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കടമെടുത്തതെന്നും സംസ്ഥാനത്തിന്‍റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയര്‍ന്നതായും അദ്ദേഹം പറഞ്ഞു