ഇടുക്കി: അതിഥി തൊഴിലാളിയായ യുവതി നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി എന്ന വ്യാജ വാർത്ത പ്രചരിച്ചതിൽ അന്വേഷണം ആരംഭിച്ച് ഉടുമ്പൻചോല പൊലീസ്. ഇന്നലെ (28.07.22) വൈകിട്ടാണ് ദൃശ്യ മാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും വാർത്ത പ്രചരിച്ചത്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
സേനാപതി വെങ്കല പാറ എസ്റ്റേറ്റിൽ അതിഥി തൊഴിലാളിയായ യുവതി നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് വാർത്ത പ്രചരിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ ഉടുമ്പൻചോല പൊലീസ് പ്രഥമിക അന്വേഷണത്തിൽ തന്നെ വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവതിക്ക് രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.
പ്രദേശവാസികളിൽ ആരോ തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഭവത്തിൽ സെപ്ഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.