ഇടുക്കി: ദുരന്തം കവര്‍ന്ന പെട്ടിമുടിയില്‍ നീറുന്ന കഥകള്‍ ഇനിയും ബാക്കിയാണ്. ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചിലില്‍ നിന്ന് കഷ്‌ടിച്ച് ജീവന്‍ കിട്ടിയ മല്ലികയ്ക്കും മകള്‍ മോണിക്കയ്ക്കും പറയാനുള്ളതും അതുതന്നെ.
പുറത്ത് കലിതുള്ളി പെയ്യുന്ന മഴ.. പതിയെ മയങ്ങി തുടങ്ങിയ സമയത്താണ് ഭൂമി കുലുക്കത്തിന് സമാനമായി പെട്ടിമുടിയുടെ മുകള്‍ ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ശബ്‌ദം കേണ്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചെളിയും വീടിനുള്ളില്‍ കയറി. ഉറക്കെ നിലവിളിച്ചു. വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇരുവരും വാതില്‍ തള്ളി തുറന്ന് പുറത്തിറങ്ങുമ്പോൾ താഴ്വശത്തുള്ള ലയങ്ങൾ മണ്ണിനടിയിലായിരുന്നു. ഇവരുൾപ്പെടെ രണ്ട് കുടുംബങ്ങള്‍ മാത്രമാണ് പെട്ടിമുടിയിൽ രക്ഷപ്പെട്ടത്. ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഇതുവരെ ഉണ്ടായിരുന്നതെല്ലാം നഷ്‌ടപ്പെട്ടു. മോണിക്കയുടെ വിവാഹത്തിനായി കരുതിവച്ചതും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിൽ പുതഞ്ഞു. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇനിയൊന്നും ബാക്കിയില്ല. ജീവന്‍ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ വിട്ടുപോയവരുടെ ഓര്‍മ്മകളുമായി കന്നിമലയിലെ ബന്ധുവീട്ടില്‍ കഴിയുകയാണവർ..