ഇടുക്കി: പാഞ്ചാലിമേട്ടിലെ തർക്കഭൂമി സർക്കാരിന്‍റേതെന്ന് ഇടുക്കി ജില്ല ഭരണകൂടം. സർക്കാർ ഏറ്റെടുത്ത 266 ഏക്കർ മിച്ചഭൂമിയിലാണ് 17 കുരിശുകൾ നിൽക്കുന്നതെന്ന് ജില്ലാ ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളുണ്ടെന്നും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറും മെമ്പർ എൻ വിജയകുമാറും ഇന്ന് പാഞ്ചാലിമേട്ടിൽ പരിശോധന നടത്തി. ക്ഷേത്ര ഭൂമി കണ്ടെത്താൻ പാഞ്ചാലിമേട്ടില്‍ ദേവസ്വം ബോർഡ് സർവേ നടത്തുമെന്ന് പത്മകുമാർ വ്യക്തമാക്കി. ദേവസ്വം ഭൂമിയില്‍ കയ്യേറ്റം അനുവദിക്കില്ല. സിമന്‍റും കമ്പിയും കണ്ടെത്തുന്നതിന് മുൻപ് തന്നെ പാഞ്ചാലിമേട്ടില്‍ ക്ഷേത്രം ഉണ്ടെന്നും പത്മകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം സമര പരിപാടികൾക്ക് തുടക്കം കുറിക്കാൻ പാഞ്ചാലിമേട്ടില്‍ എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പൊലീസ് പ്രവേശന കവാടത്തിൽ തടഞ്ഞിരുന്നു. ഇതോടെ ശശികലയും പ്രതിഷേധക്കാരും സ്ഥലത്ത് നാമജപ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇടുക്കി എസ്.പി കെ ബി വേണുഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.