ഇടുക്കി: കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു, ഒരാളെ കാണാതായി. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഉണ്ടായ അപകടത്തിൽ തമിഴ്‌നാട് ദിണ്ഡികൽ സ്വദേശി ഉദയ (19) നാണ് മരിച്ചത്. കാണാതായ കൃഷ്ണപുരം കുന്നത്തൂര്‍ സ്വദേശി തമിഴരസ്സിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചമുതല്‍ സംഭവ സ്ഥലത്ത് പെയ്ത കനത്തമഴയാണ് വീണ്ടും മലയിടിച്ചിലിന് കാരണമായത്. റോഡില്‍ നിന്നും പാറപൊട്ടിച്ച് നീക്കുന്ന ജോലിക്കിടെയാണ് രണ്ട് പേരെ കാണാതായത്. എന്നാൽ, മഴ കനത്തതിനാൽ പണി നിര്‍ത്തി വച്ച് ഭൂരിഭാഗം തൊഴിലാളികളും താമസസ്ഥലങ്ങളിലേക്ക് മടങ്ങിയിരുന്നു. ക്ലീനര്‍ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മറ്റൊരാളെയും കാണാനില്ല എന്ന കാര്യത്തിൽ വ്യക്തത വന്നത്.
മരണപ്പെട്ട ഉദയനും കാണാതായ തമിഴരസ്സിനുമൊപ്പം പട്ടാമ്പി സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ സുബൈര്‍, ജെസിബി ഓപ്പറേറ്റര്‍ വത്തല്‍ ഗുണ്ട് സ്വദേശി പാല്‍രാജ് എന്നിവരും അപകടത്തില്‍പ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. രണ്ട് ടിപ്പര്‍ ലോറികള്‍ കല്ലുകള്‍ക്കിടയില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
500 അടിയിലധികം ഉയരമുള്ള മലമുകളില്‍ നിന്നും പാറക്കല്ലുകള്‍ താഴേക്ക് പതിച്ചതോടെ ദേശീയപാതയിൽ വാഹനഗതാഗതവും പൂര്‍ണ്ണമായി സ്തംഭിച്ച നിലയിലാണ്. ഡീൻ കുര്യാക്കോസ് എംപി സ്ഥലം സന്ദർശിച്ചു.