ഇടുക്കി : രാജ്‌കുമാറിന്‍റെ കസ്റ്റഡി മരണത്തിലേയ്ക്ക്(nedumkandam custody death case) നയിച്ച ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍(haritha Finance Financial Fraud case) ഇടുക്കി ക്രൈംബ്രാഞ്ച്(crime branch) നെടുങ്കണ്ടത്തെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. ഡിസംബര്‍ 20ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 250 പരാതികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ട് ദിവസങ്ങളിലായി 46 പേരാണ് ക്രൈംബ്രാഞ്ചിന് മുന്‍പാകെ മൊഴി നല്‍കിയത്. 110 സഹകരണ സംഘങ്ങളും 140 വ്യക്തികളും ഇതുവരെ ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യം ഇല്ല. നിലവില്‍ പരാതി നല്‍കിയവര്‍ക്ക് മാത്രം 18,22,000 രൂപയാണ് നഷ്‌ടമായിട്ടുള്ളത്.
നെടുങ്കണ്ടം പൊലീസിന്‍റെ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ഹരിത ഫിനാന്‍സ് ഉടമ രാജ്‌കുമാറാണ് കേസിലെ ഒന്നാം പ്രതി. മാനേജിങ് ഡയറക്‌ടര്‍ ശാലിനി, മാനേജര്‍ മഞ്ജു എന്നിവരാണ് മറ്റ് പ്രതികള്‍. പ്രതികളില്‍ നിന്നും 13 ലക്ഷം രൂപയുടെ കണക്കുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളതായാണ് വിവരം.
Also Read: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി
മൂന്ന് വാഹനങ്ങള്‍, ഫര്‍ണിച്ചറുകള്‍, കെട്ടിട ഡെപ്പോസിറ്റ്, വാടക തുടങ്ങിയ ചെലവുകള്‍ ഉള്‍പ്പെടെ 11 ലക്ഷം രൂപയുടെ കണക്ക് ഉണ്ട്. പട്ടം കോളനി സഹകരണ ബാങ്കില്‍ രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. പ്രതികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ശാലിനിയുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. പിന്നീട് ശാലിനി നല്‍കിയ കേസ് പരിഗണിച്ച് 1,37,000 രൂപ തിരികെ നല്‍കാന്‍ കോടതി ഉത്തരവായി.
സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്‌പ നല്‍കാം എന്ന് വാഗ്‌ദാനം ചെയ്‌താണ് രാജ്‌കുമാറിന്‍റെ നേതൃത്വത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്‌പകള്‍ നൽകുന്നതിനായി 1000 രൂപ മുതല്‍ 25,000 രൂപ വരെ പ്രൊസസിങ് ഫീസായി ഈടാക്കുകയായിരുന്നു. വായ്‌പ ലഭ്യമാകാതെ വന്നതോടെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയതിനെ തുടര്‍ന്നാണ് വാഗമൺ കോലാഹലമേട് രാജ്‌കുമാറും ശാലിനിയും മഞ്ജുവും പൊലീസ് പിടിയിലായത്. 2019 ജൂൺ 21നാണ് പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ രാജ്‌കുമാർ പൊലീസ് മർദനത്തെ തുടർന്ന് കൊല്ലപ്പെടുന്നത്.