ഇടുക്കി: കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ ക്യാമറ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാട്. കൂടുതൽ ക്യാമറകൾ സ്ഥാപിയ്ക്കുന്നതിനൊപ്പം നിലവിലെ ക്യാമറകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ജോലികളും ആരംഭിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ചെക്ക്പോസ്റ്റിലെ ക്യാമറ നിരീക്ഷണം ശക്തമാക്കുന്നതെന്നാണ് സൂചന.
പതിനഞ്ചോളം ക്യാമറകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. കട്ടപ്പന, പുളിയന്മല, കുമളി മേഖലകളിൽ നിന്നുമെത്തുന്ന വാഹനങ്ങളും നെടുങ്കണ്ടം മേഖലയിൽ നിന്നും എത്തുന്ന വാഹനങ്ങളും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കടന്നു പോകുന്ന വാഹനങ്ങളും നിരീക്ഷിയ്ക്കുന്നതിനാണ് പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ കമ്പത്ത് നിന്നും മാറി എത്തുന്ന ഉദ്യോഗസ്ഥരായിരുന്നു ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നത്. എന്നാൽ മുല്ലപെരിയാറുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ചെക്പോസ്റ്റുകളിലെ ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിച്ചു.
ഇതിന്‍റെ ഭാഗമായി നിലവിലുള്ള ക്യാമറകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് മുഴുവൻ സമയ നിരീക്ഷണമാണ് ഇപ്പോൾ തമിഴ്‌നാട് നടത്തുന്നത്. കടന്നു പോകുന്ന വാഹനങ്ങൾ, എത്തുന്ന ആളുകളുടെ എണ്ണം, വിവരങ്ങൾ തുടങ്ങിയവയും ശേഖരിയ്ക്കുന്നുണ്ട്. ചെക്ക്പോസ്റ്റ് കടന്ന് അടിവാരത്തേയ്ക്ക് പോകുന്ന വാഹനങ്ങളെ അവിടെ എത്തിയ ശേഷവും നിരീക്ഷിയ്ക്കുന്നുണ്ട്.
Also read: മുല്ലപ്പെരിയാര്‍ : പ്രതിഷേധ സമരത്തിനൊരുങ്ങി എഐഎഡിഎംകെ