ഇടുക്കി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച മഞ്ഞക്കുഴി പാലത്തിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീഴാറായ അവസ്ഥയിൽ. ശക്തമായ മഴവെള്ളപ്പാച്ചലിൽ അപ്രോച്ച് റോഡും തകര്‍ന്നു. അപകട കെണിയായ പാലവും റോഡും പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലാണ് രാജകുമാരി നോര്‍ത്തില്‍ നിന്നും ബൈസണ്‍വാലി റോഡിൽ തോടിന് കുറുകെ മഞ്ഞക്കുഴി പാലം നിര്‍മിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിന്‍റെ മുപ്പതടിയിലധികം ഉയരുമുള്ള കല്‍കെട്ട് വിണ്ടുകീറി ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്‌തമായ മഴയിൽ പാലത്തിനോട് ചേര്‍ന്ന് റോഡ് ഇടിഞ്ഞ് പോകുകയും ചെയ്‌തിട്ടുണ്ട്. കാലവർഷം എത്തുന്നതോടെ റോഡ് പൂര്‍ണമായും ഇടിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും.ശോചനീയാവസ്ഥയിലായ പാലത്തിന് മുകളിലൂടെ ഭാര വാഹനങ്ങൾ കടന്നു പോകുന്നതും വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
രാജകുമാരിയില്‍ നിന്നും മൂന്നാറിലേയ്ക്കു പോകുന്ന വഴിയായതുകൊണ്ട് തന്നെ ടോറസ് അടക്കമുള്ള വലിയ വാഹനങ്ങളും നിരവധി സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസും ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. പ്രധാന പാത ആയതിനാൽ പാലവും റോഡും ഉടൻ തന്നെ പുനര്‍നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.