ഇടുക്കി: ഇടുക്കിയിൽ 50 കിലോ കഞ്ചാവും ആറ് കുപ്പി ഹാഷിഷ് ഓയിലുമായി ഒരാൾ എക്സൈസ് പിടിയിൽ. കരിമണ്ണൂർ സ്വദേശി ഹാരിസ് മുഹമ്മദിനെയാണ് കസ്റ്റഡിയിലെടുത്തത്. വെങ്ങല്ലൂർ കോലാനി ബൈപ്പാസ് റോഡിൽ എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഹാരിസ് മുഹമ്മദ് സഞ്ചരിച്ച കാറിന് എക്സൈസ് സംഘം കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ കടന്നു പോയി. പിന്തുടർന്നെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ വെങ്ങല്ലൂർ സിഗ്നലിന് സമീപം വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തുകയായിരുന്നു.
അതിനിടെ പരിശോധന തടസപ്പെടുത്താനെത്തിയ മാർട്ടിൻ എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്‌ടർ എൻ.പി സുദീപ് കുമാർ പറഞ്ഞു.