ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. അപകടകരമായ വളവുകള്‍ നിവര്‍ത്തിയതിനൊപ്പം വീതി കുറഞ്ഞ ഇടങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് പാതയുടെ വീതിയും വര്‍ധിപ്പിച്ചു. നേരത്തെ ഈ ഭാഗത്ത് വാഹനാപകടങ്ങൾ പതിവായിരുന്നു. ദേശീയപാത വികസനം പൂര്‍ണമായാല്‍ മൂന്നാറിന്‍റെ വിനോദ സഞ്ചാര മേഖലക്ക് ഉള്‍പ്പെടെ അത് കരുത്താകും.
അറ്റകുറ്റപ്പണികൾ ശേഷിക്കുന്ന അടിമാലി-ഇരുട്ടുകാനം ഭാഗങ്ങളിലെ കലുങ്ക് നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. റോഡിന്‍റെ വിസ്‌താരം വര്‍ധിപ്പിച്ച ഭാഗത്ത് അപകടകരമാംവിധം നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കാന്‍ നടപടി വേണമെന്ന ആവശ്യം പ്രദേശവാസികളും യാത്രക്കാരും ഉയർത്തിയിട്ടുണ്ട്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതോടെ വനമേഖലയില്‍ ഉള്‍പ്പെടെ അടിമാലിക്കും മൂന്നാറിനും ഇടയില്‍ വിവിധ ഇടങ്ങളില്‍ ഗതാഗതകുരുക്കുണ്ടാകുന്നത് പതിവായിരുന്നു. പാതയുടെ വീതി കൂട്ടിയതോടെ ഈ പ്രശ്‌നത്തിനും പരിഹാരമാകും.