ഇടുക്കി: ഉടുമ്പന്നൂർ മങ്കുഴിയിൽ വ്യാഴാഴ്‌ച (ഓഗസ്റ്റ് 11) നവജാതശിശു മരിച്ച സംഭവം, കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് സുജിതയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌താലുടൻ അറസ്റ്റ് ചെയ്യും.
അമ്മയായ തൃശൂർ കൊരട്ടി സ്വദേശിനി സുജിതയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്‌ടർമാർ പരിശോധിച്ചപ്പോഴാണ് സുജിത പ്രസവിച്ചതായി അറിഞ്ഞത്. തുടർന്ന്, വീട്ടിലെത്തി പൊലീസ് പരിശോധിച്ചപ്പോൾ ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ നിലയിൽ കാണുകയായിരുന്നു. സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
കൃത്യം നടത്തിയത് മാതാവ് തന്നെയാണ്. കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തി. കുട്ടി, ആദ്യ ശ്വാസമെടുത്തിരുന്നതായും റിപ്പോർട്ടിൽ ഉണ്ട്. പ്രതി സുജിത, പൊലീസ് നിരീക്ഷണത്തിലാണ്. കൊലപാതകം, ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സുജിത ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌താലുടൻ അറസ്റ്റ് ചെയ്യും. അതേസമയം സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.