ഇടുക്കി: ജില്ലയിൽ മഴ വീണ്ടും ശക്‌തമാകുന്ന സാഹചര്യത്തില്‍ പാതയോരങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാന്‍ ഇനിയും നടപടിയായില്ല. കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ ഇരുവശങ്ങളിലായുമായി 40 ലധികം മരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇതിൽ പകുതിയും ഉണങ്ങി നിലം പതിക്കാറായതാണ്.
മഴക്കാലത്തിന് മുൻപേ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ല കലക്‌ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇതുവരെയായിട്ടും ഈ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല. കാലവർഷം എത്തിയതോടെ മരം ഒടിഞ്ഞുവീണ് നിരവധി അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ദിനംപ്രതി ആയിരകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും ആശ്രയിക്കുന്നതാണ് കൊച്ചി - ധനുഷ്‌കോടി ദേശീയപാത.
പൂപ്പാറ മൂലത്തറ മുതൽ ആനയിറങ്കൽ വരെ അപകട ഭീഷണി ഉയർത്തുന്ന 40ല്‍ അധികം മരങ്ങളാണ് ഉള്ളത്. ഇവയിൽ പകുതിയും ഉണങ്ങി ദ്രവിച്ച് നിലംപതിക്കാറായ നിലയിലാണ്. ദേശീയപാത വീതികൂട്ടി നിർമാണം നടന്നതോടെ വേരുകൾ പുറത്ത് കാണത്തക്ക വിധത്തില്‍ നിരവധി മരങ്ങളാണ് പാതയോരങ്ങളിലുള്ളത്. ശക്‌തമായ കാറ്റുവീശിയാൽ മരങ്ങൾ റോഡിലേക്ക് കടപുഴകി വീഴുന്ന സ്ഥിതിയിലാണ്.
കഴിഞ്ഞ വർഷം ദേശീയപാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിന് മുകളിലേയ്ക്ക് ഉണങ്ങിയ മരത്തിന്‍റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് അപകടം സംഭവിച്ചിരുന്നു. അപകടത്തിന് മുന്‍പ് മരങ്ങള്‍ നീക്കംചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ALSO READ| കനത്ത മഴ; ഇടുക്കിയിൽ വ്യാപക നാശനഷ്‌ടം