ഇടുക്കി: വൃഷ്‌ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ എല്ലാ സ്‌പില്‍വേ ഷട്ടറുകളും ഉയർത്തി. 10 ഷട്ടറുകൾ 90 സെന്‍റിമീറ്റർ വീതവും ആർ 1, ആർ 2,ആർ 3 ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതവുമാണ് ഉയർത്തിത്. ഇതോടെ, 8741 ക്യൂസക്‌സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
ടണൽ മാർഗം 2144 ക്യൂസക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്. ആകെ 10885 ക്യൂസക്‌സ് വെള്ളമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുന്നതിനാൽ മഴയ്ക്ക് ശമനം ഉണ്ടായില്ലെങ്കിൽ ജലനിരപ്പ് വീണ്ടും വർധിക്കും. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക് ഒഴുക്കി തുടങ്ങിയതോടെ, പെരിയാർ തീരത്ത് വെള്ളം കയറുന്നതിനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
വിവിധ ഇടങ്ങളില്‍ ക്യാമ്പുകള്‍: കഴിഞ്ഞ ദിവസം 5000 ക്യൂസക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങിയപ്പോൾ, താഴ്ന്ന പ്രദേശങ്ങളായ ആറ്റോരം, വികാസ് നഗർ തുടങ്ങിയ ഇടങ്ങളിലെ വീടുകളിൽ വെള്ളം കയറിയിരുന്നു. വണ്ടിപ്പെരിയാർ, വള്ളക്കടവ്, ഉപ്പുതറ, ചപ്പാത്ത് തുടങ്ങിയ മേഖലകളിൽ വെള്ളം ഉയരാൻ സാധ്യത കൂടുതലാണ്. ദുരന്ത സാഹചര്യങ്ങൾ നേരിടുന്നതിനായി മഞ്ചുമലയിൽ കൺട്രോൾ റൂം തുറന്നു. വണ്ടിപ്പെരിയാർ, വള്ളക്കടവ് എന്നിവിടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.
താഴ്ന്ന മേഖലകളിൽ നിന്നും ആളുകൾ മാറിയെങ്കിലും ഇവരിൽ ഭൂരിഭാഗവും ബന്ധു വിടുകളിലേക്കാണ് മാറിയത്. ചുരുക്കം ചില ആളുകൾ മാത്രമാണ് ക്യാമ്പുകളിലേക്ക് മാറിയത്. പെരിയാർ നദിയിൽ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത ഉള്ളതിനാൽ കൂടുതൽ കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നിർദേശം നൽകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻ.ഡി.ആർ.എഫ് സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.