ഇടുക്കി: പതിനഞ്ചാം വിവാഹവാർഷികത്തിന് ഭാര്യയ്‌ക്ക് സർപ്രൈസ് ഗിഫ്റ്റ് നല്‍കണമെന്ന് രാമക്കൽമേട് സ്വദേശി പ്രിൻസ് വളരെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതുവരെ ലോകത്ത് ആരും കൊടുക്കാത്ത ഒരു സമ്മാനമായിരിക്കണം അതെന്നും പ്രിൻസ് മനസിലുറപ്പിച്ചു. ഒടുവില്‍ ആ ദിനമെത്തി.
പ്രിൻസ് തന്‍റെ പ്രിയതമയ്‌ക്ക് ഒരു റോസാപ്പൂവ് സമ്മാനിച്ചു. ഇതാണോ ആരും ഇതുവരെ കൊടുക്കാത്ത ഗിഫ്റ്റ് എന്നാണ് ചോദ്യമെങ്കില്‍ ഈ റോസാപ്പൂവിന് കാരിരുമ്പിന്‍റെ കരുത്താണ്. 35 കിലോയുള്ള റോസപ്പൂവാണ് പ്രിൻസ് ഭാര്യ രാജിക്ക് സമ്മാനിച്ചത്. ഏതായാലും ലോകത്ത് മറ്റൊരാൾക്കും ഇത്തരത്തിൽ ഒരു റോസാപ്പൂവ് സമ്മാനമായി ലഭിച്ചിട്ടുണ്ടാവില്ല.
ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് ഒരാഴ്‌ചയോളം സമയമെടുത്താണ് പ്രിൻസ് പൂവ് നിർമിച്ചത്. വിവാഹ വാർഷിക ദിനത്തിൽ, സമ്മാനം കൈമാറുന്നത് വരെ പ്രിൻസ് സസ്‌പെൻസ് നിലനിർത്തിയതിനാൽ ഗിഫ്റ്റ് കിട്ടിയതോടെ ഭാര്യ രാജിയും 'ഫ്ലാറ്റ്'.
രണ്ട് അടി വ്യാസമുള്ള പൂവ് ഒന്ന് ഉയർത്തണമെങ്കിൽ കുറഞ്ഞത് മൂന്ന് പേരുടെയെങ്കിലും സഹായം വേണം. ഇതാദ്യമായല്ല പ്രിൻസിന്‍റെ കരവിരുത് കയ്യടി നേടുന്നത്. വൈവിദ്ധ്യമാർന്ന നിർമ്മിതികളിലൂടെ പ്രിൻസ് മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്. നെടുങ്കണ്ടം ഗവൺമെന്‍റ് യുപി സ്‌കൂളിലെ ട്രെയിനും കപ്പലും വിമാനവും ചേർന്ന നിർമ്മിതിയും മുണ്ടിയെരുമ സ്‌കൂളിലെ വന്ദേഭാരതും ഹെലികോപ്റ്ററും ചേർന്ന ശിൽപവുമെല്ലാം പ്രിൻസ് ഒരുക്കിയതാണ്. ഇനി അടുത്ത വിവാഹ വാർഷികത്തിന് എന്താണ് വരാൻ പോകുന്നതെന്നാണ് ഭാര്യ രാജി ആലോചിക്കുന്നത്.
READ ALSO: വിഘ്‌നേശിന്‍റെ പിറന്നാള്‍ സമ്മാനം പങ്കുവച്ച് നയന്‍താര ; വില കേട്ടാല്‍ ഞെട്ടും