ഇടുക്കി: കാലവര്‍ഷം കനത്തതോടെ പെട്ടിമുടി നിവാസികളുടെ നെഞ്ചിടിപ്പും കൂടി. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വീണ്ടും ഉരുള്‍പൊട്ടുമോയെന്ന ഭീതിയിലാണ് പെട്ടിമുടിക്കാര്‍. രണ്ട് വര്‍ഷം മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്‌ടപ്പെട്ടതിന്‍റെ വേദന ഇന്നും നൊമ്പരമായി അവശേഷിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മേഖലയില്‍ 90 മില്ലിമീറ്റര്‍ മഴ പെയ്‌തതായാണ് കണക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്ടിമുടിയില്‍ പരക്കെ മഴ പെയ്‌തിരുന്നു. മുമ്പ് ദുരന്തമുണ്ടായ പ്രദേശങ്ങളിലെല്ലാം മഴവെള്ളപാച്ചിലുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പെട്ടിമുടിയാറ്റിലും നീരൊഴുക്ക് വര്‍ധിച്ചു. മുന്‍കരുതലെന്ന നിലയില്‍ 90 കുടുംബങ്ങളെ രാജമുടി എല്‍പി സ്‌കൂളിലേക്ക് അടിയന്തരമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പിനാവശ്യമായ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി. 70 പേരുടെ ജീവനെടുത്ത ദുരന്തത്തിന്‍റെ ഞെട്ടല്‍ ഇനിയും വിട്ടൊഴിയാതെ നില്‍ക്കുമ്പോഴാണ് മറ്റൊരു കാലവര്‍ഷം കൂടി പെട്ടിമുടി നിവാസികളെ ഭീതിയിലാഴ്‌ത്തുന്നത്.
Also read: സംസ്ഥാനത്ത് കനത്ത മഴ: ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട്